home
Shri Datta Swami

Posted on: 13 Apr 2024

               

Malayalam »   English »  

വിന്ധ്യയുടെ തെക്ക് താമസിക്കുന്നവർ ദ്രാവിഡരും വിന്ധ്യയുടെ വടക്ക് താമസിക്കുന്നവർ ആര്യരും ആണോ?

[Translated by devotees of Swami]

[പ്രൊഫ. ജെ.എസ്.ആർ. പ്രസാദ് ചോദിച്ചു:- സാഷ്ടാംഗ നമസ്ക്കാരം സ്വാമി. യുട്യൂബ് അവതരിപ്പിച്ച സത്യാന്വേഷിയിൽ, വിന്ധ്യാ പർവതങ്ങളുടെ തെക്ക് ഭാഗത്ത് താമസിക്കുന്നവർ ദ്രാവിഡ വംശരാന്നെന്നും വിന്ധ്യാ പർവതത്തിന് വടക്ക് താമസിക്കുന്നവർ ആര്യ വംശരാന്നെന്നും പറയുന്നു. ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യാം? അങ്ങയുടെ വിശുദ്ധ താമര പാദങ്ങളിൽ]

സ്വാമി മറുപടി പറഞ്ഞു:- ശകുനി പാണ്ഡവരെയും കൗരവരെയും വിഭജിച്ചതുപോലെ, രണ്ടുപേരെയും നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഇത്തരം തെറ്റായ പ്രസ്താവനകളിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ചിലർ എപ്പോഴും ആഗ്രഹിക്കുന്നു. ജാതി വ്യവസ്ഥയിലൂടെയും (കാസ്റ്റ് സിസ്റ്റം) ആര്യ, ആര്യ-ഇതര വർഗ്ഗ വിഭജനത്തിലൂടെയും ഹിന്ദുക്കളിൽ പിളർപ്പ് കൊണ്ടുവരുന്നത് എല്ലായ്പ്പോഴും ഒരു ദുഷിച്ച മാനസികാവസ്ഥയാണ്. ജാതിവ്യവസ്ഥ ഗുണങ്ങളെയും തുടർന്നുള്ള കർമ്മങ്ങളെയും അടിസ്ഥാനമാക്കിയുള്ളതുപോലെ, ആര്യ, ആര്യ-ഇതര വിഭജനം ആത്മാക്കളുടെ അർഹതയും അനർഹതയും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. ആര്യൻ എന്നാൽ വിശുദ്ധ ഗ്രന്ഥങ്ങളിൽ നല്ലതും നീതിയുക്തവുമായ ജ്ഞാനമുള്ള ഒരു നല്ല വ്യക്തി എന്നാണ് അർത്ഥമാക്കുന്നത്, അത്തരം ആര്യൻ, ജനങ്ങളിൽ നിന്ന് ആദരവോ ആരാധനയോ അർഹിക്കുന്നു. ഉത്തരേന്ത്യക്കാരെല്ലാം ആര്യന്മാരാണെന്നും ദക്ഷിണേന്ത്യക്കാരെല്ലാം ദ്രാവിഡരോ ആര്യ- ഇതരരാന്നെന്നും കരുതുന്നു. ഇതാണ് പ്രവണതയെങ്കിൽ, സീത രാവണനെ അനാര്യനെന്നോ ആര്യൻ-അല്ലാത്തവനെന്നോ അഭിസംബോധന ചെയ്യുന്നത് ന്യായീകരിക്കപ്പെടുന്നു, കാരണം സീത ഉത്തരേന്ത്യക്കാരിയും രാവണൻ ദക്ഷിണേന്ത്യക്കാരനുമാണ് (മാമനാര്യ നിരീക്ഷതഃ- സുന്ദരകാണ്ഡം, വാൽമീകി രാമായണം). കവി വാൽമീകി ഉത്തരേന്ത്യൻ കൂടിയാണ്. ഇനി ഉത്തരേന്ത്യൻ കൂടിയായ കവി കാളിദാസൻ എഴുതിയ അഭിജ്ഞാന ശാകുന്തളം നോക്കാം. ഈ പുസ്തകത്തിൽ ശകുന്തള ദുഷ്യന്തനെ ആര്യൻ-അല്ലാത്തവന്നെന്നോ അനാര്യനെന്നോ ശകാരിക്കുന്നു. ദുഷ്യന്തനും ശകുന്തളയും ഉത്തരേന്ത്യക്കാരാണ്. ഈ രണ്ടാമത്തെ കേസിനെ എങ്ങനെ ന്യായീകരിക്കും? ഇവിടെ, അനാര്യൻ എന്നാൽ ദക്ഷിണേന്ത്യൻ എന്നല്ല അർത്ഥമാക്കുന്നത്, മൂല്യത്തകർച്ചയ്ക്ക് വിധേയനായ ഒരു മോശം ആളെയാണ് അർത്ഥമാക്കുന്നത്. അതിനാൽ, ജാതിവ്യവസ്ഥ ഗുണങ്ങളെയും കർമ്മങ്ങളെയും  അടിസ്ഥാനമാക്കിയുള്ളതുപോലെ, ഈ ആര്യ, ആര്യ-ഇതര വർഗ്ഗീകരണവും യഥാക്രമം മനുഷ്യരുടെ നല്ലതും ചീത്തയുമായ ഗുണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും നല്ലവരും ചീത്തവരും ആയ ആളുകൾ ഉണ്ട്. രാമൻ നല്ലൊരു ഉത്തരേന്ത്യക്കാരനാണ്. ദുര്യോധനൻ ഒരു മോശം ഉത്തരേന്ത്യക്കാരനാണ്. ശങ്കരൻ നല്ലൊരു ദക്ഷിണേന്ത്യക്കാരനാണ്. രാവണൻ മോശം ദക്ഷിണേന്ത്യക്കാരനാണ്. അതിനാൽ, ഈ വർഗ്ഗീകരണങ്ങൾ നല്ലതും ചീത്തയുമായ ഗുണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ജാതികളുടെ വർഗ്ഗീകരണം ജനനത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, ആര്യ, ആര്യ-ഇതര വിഭാഗങ്ങൾ പ്രാദേശിക വ്യത്യാസത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. ജാതിയുടെ കാരണമായി ജന്മമെടുത്താൽ, ഒരേ ഹിന്ദു മതത്തിൽപ്പെട്ടവർക്കിടയിൽ കലഹങ്ങളും വിദ്വേഷവും സൃഷ്ടിക്കപ്പെടുന്നു. അതുപോലെ, പ്രദേശത്തെ അടിസ്ഥാനമാക്കിയുള്ള ആര്യ, ആര്യ-ഇതര വർഗ്ഗീകരണം എടുത്താൽ, ഒരേ ഹിന്ദു മതത്തിൽപ്പെട്ട ആളുകളിൽ കലഹങ്ങളും വിദ്വേഷവും വളരുന്നു. സ്വാമി ദയാനന്ദ ആര്യസമാജം സ്ഥാപിച്ചു, അതായത് ഹിന്ദു മതത്തിൻ്റെ വേദ സംസ്കാരമുള്ള ആളുകളുടെ വിഭാഗം. ഉത്തരേന്ത്യക്കാരും ദക്ഷിണേന്ത്യക്കാരും തമ്മിലുള്ള വ്യത്യാസം കൊണ്ടുവന്ന് ആര്യസമാജത്തിലെ ആളുകളെ അദ്ദേഹം വേർതിരിച്ചില്ല. വേദ സംസ്കാരം പിന്തുടരുന്ന ഏതൊരു മനുഷ്യനും ആര്യനാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രവുമല്ല, ഗുണങ്ങളെയും തുടർന്നുള്ള കർമ്മങ്ങളെയും (ഗുണകർമ വിഭാഗാഃ) അടിസ്ഥാനമാക്കിയുള്ള ജാതി വ്യവസ്ഥയെ അദ്ദേഹം കർശനമായി പിന്തുടർന്നു, ജനനത്തെ അടിസ്ഥാനമാക്കിയുള്ള ജാതി വ്യവസ്ഥയെ ഉപേക്ഷിച്ചു.

 
 whatsnewContactSearch