home
Shri Datta Swami

Posted on: 18 Mar 2024

               

Malayalam »   English »  

സ്ഥിതപ്രജ്ഞയെക്കുറിച്ചുള്ള ഭക്തരുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

 [Translated by devotees of Swami]

1. ദൈവത്തെ പരാമർശിക്കാതെ ഒരു ആത്മാവിന് മോക്ഷം ലഭിക്കുമോ?

[ശ്രീമതി. പ്രിയങ്കയും മിസ്സ്‌. ത്രൈലോക്യയും ശ്രീ പിവിഎൻഎം ശർമ്മയും ചോദിച്ചു:- മഹാ ശിവരാത്രിയിലെ സത്സംഗത്തിൽ, ഒരു ആത്മാവിന് ബാഹ്യമായ ബന്ധനങ്ങൾ മാത്രമേ ഉള്ളൂ, മനസ്സിൽ ആന്തരിക ബന്ധനങ്ങളല്ല, ലൗകിക ബന്ധനങ്ങൾ മാത്രമാണുള്ളതെങ്കിൽ, അത്തരമൊരു ആത്മാവിനെ പരീക്ഷിക്കേണ്ടതില്ലെന്നും അങ്ങ് പറഞ്ഞു. സ്വയമേവയുള്ള രക്ഷ ലഭിക്കുന്നു. ഇവിടെ ദൈവത്തോടുള്ള ഭക്തിയെക്കുറിച്ച് പരാമർശമില്ല. അതിനാൽ, ദൈവത്തെ പരാമർശിക്കാതെ ഒരു ആത്മാവിന് മോക്ഷം ലഭിക്കും എന്നാണ്. ദയവായി അഭിപ്രായപ്പെടുക.]

സ്വാമി മറുപടി പറഞ്ഞു:- ഇങ്ങനെ ചോദിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു? ശൂന്യമായ പ്ലേറ്റിൽ നിന്നും ഭക്ഷണം കഴിക്കാം, വരനില്ലാതെ വിവാഹം കഴിക്കാം, കറൻ്റില്ലാതെ സിനിമ കാണാം, പക്ഷേ, ദൈവത്തിൻ്റെ കൃപയും ഇച്ഛയും കൂടാതെ ആർക്കും ലൗകിക ബന്ധനങ്ങളിൽ നിന്ന് മോക്ഷം ലഭിക്കില്ല. രക്ഷയുടെ യഥാർത്ഥ ദാതാവ് ദൈവം തന്നെയാണ്. മാത്രമല്ല, ബാഹ്യബന്ധനം രൂപപ്പെട്ടാലും ആന്തരികബന്ധനം ഉണ്ടാകാതിരിക്കാൻ കഴിയുമോ? മനസ്സിന് എപ്പോഴും എന്തെങ്കിലുമായി ബന്ധനത്തിലാകുന്ന സ്വഭാവമുണ്ട്. അത് വീണ്ടും ഒരു ലൗകിക വസ്തുവാണെങ്കിൽ, നിങ്ങൾക്ക് എങ്ങനെ ലോകത്തിൽ നിന്ന് മോക്ഷം ലഭിക്കും? ഒരു വ്യക്തി ഒരു വേശ്യയോട് ഭ്രാന്തനായി, മറ്റെല്ലാ ലൗകിക ബന്ധനങ്ങളിൽ നിന്നും വേർപെട്ടുവെന്നും (ഡിറ്റാച്ചുമെന്റ്) അത്തരം വേർപിരിയലിനെ ലോകത്തിൽ നിന്നുള്ള രക്ഷ എന്ന് വിളിക്കാം - ഇത് അസംബന്ധമാണ്. കാരണം, ഒരു വ്യക്തി വേശ്യ എന്ന ലൗകിക വസ്തുവുമായി ഏറ്റവും ശക്തമായ ബന്ധനം സ്ഥാപിച്ചിരിക്കുമ്പോൾ, അത്തരമൊരു വ്യക്തിക്ക് എല്ലാ ലോകബന്ധനങ്ങളിൽ നിന്നും മോക്ഷം ലഭിച്ചുവെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും? അതിനാൽ, ഒരു ആത്മാവ് ഈ ലോകത്തിന് അതീതനായ ഈശ്വരനിൽ സമ്പൂർണ്ണമായി ഭക്തിയോടെ സമർപ്പിക്കുമ്പോൾ മാത്രമേ എല്ലാ ലോകബന്ധനങ്ങളിൽ നിന്നും മോക്ഷം സാധ്യമാകൂ. 

ഈശ്വരനോടുള്ള ആസക്തി മൂലം ലൗകിക ബന്ധനങ്ങൾ സ്വയമേവ ഉപേക്ഷിക്കപ്പെടേണ്ടതാണ്, അത്തരം ലൗകിക ബന്ധനങ്ങൾ ഉപേക്ഷിക്കപ്പെടുന്നതിനെ മാത്രമേ മോക്ഷം എന്ന് വിളിക്കാൻ കഴിയൂ. ദൈവത്തോടുള്ള അടുപ്പം കൂടാതെ, ലോകത്തിൽ നിന്നുള്ള വേർപിരിയൽ അസാധ്യമാണ് മാത്രമല്ല അർത്ഥശൂന്യവുമാണ്. അത് അസാധ്യമാണ്, കാരണം മനസ്സിന് എന്തിനോടെങ്കിലും ആസക്തിയുടെ സ്വഭാവം ഉള്ളതിനാൽ, ലോകത്തിൽ നിന്നുള്ള അത്തരം അകൽച്ച വളരെക്കാലം ഉണ്ടാകില്ല. ഇത് അർത്ഥശൂന്യമാണ്, കാരണം നിങ്ങൾക്ക് ദൈവത്തെയും ലോകത്തെയും നഷ്ടപ്പെടുന്നു, അതിനാൽ ഒന്നിലും ആസ്വാദനം സാധ്യമാകില്ല, അത് അർത്ഥശൂന്യമാണ്. നിങ്ങൾക്ക് ദിവ്യമായ അമൃത് ലഭിക്കുകയോ കാപ്പി കുടിക്കുകയോ ചെയ്യുന്നില്ല-ഇത് ഇരുവശത്തും നഷ്‌ടത്തിൻ്റെ ഭയാനകമായ അവസ്ഥയാണ്. ദിവ്യമായ അമൃത് ലഭ്യമാണെങ്കിൽ, അതിൻ്റെ മികച്ച രുചി കാരണം, കാപ്പി നിരസിക്കപ്പെടും-ഈ സംഭവത്തിൽ, കുറച്ച് യുക്തിയും കുറച്ച് നീതിയും ഉണ്ട്. ദിവ്യമായ അമൃത് ലഭിച്ചില്ലെങ്കിൽ ഞാൻ കാപ്പിയെങ്കിലും ആസ്വദിക്കട്ടെ. അതിനാൽ, ദൈവത്തോടുള്ള ബന്ധനമില്ലാതെ ലൗകിക ബന്ധനങ്ങളിൽ നിന്നുള്ള വേർപിരിയൽ അസാധ്യമാണ് മാത്രമല്ല അർത്ഥശൂന്യവും ഉപയോഗശൂന്യവുമാണ്.

സ്ഥിതപ്രജ്ഞ എന്ന മേൽപ്പറഞ്ഞ ആത്മാവിനെക്കുറിച്ചുള്ള സങ്കൽപ്പത്തെ പരാമർശിക്കുമ്പോൾ, ലോകവുമായി ഒരു ആന്തരിക ബന്ധനവുമില്ലാതെ ബാഹ്യമായ ലൗകിക ബന്ധനങ്ങൾ മാത്രമുള്ള ജനക രാജാവിനെ ഉദാഹരണമായി ഞാൻ പരാമർശിച്ചു. ജനക രാജാവിൻ്റെ മുഴുവൻ ആന്തരിക ബന്ധനം ദൈവവുമായി മാത്രമായിരുന്നു. ഇക്കാരണത്താൽ, അവൻ്റെ ബാഹ്യമായ എല്ലാ ലോകബന്ധനങ്ങളും സ്വമേധയാ ഉപേക്ഷിക്കപ്പെടുന്നു. സ്ഥിതപ്രജ്ഞന് ഉത്തമോദാഹരണമായ ജനകരാജാവിൻ്റെ അവസ്ഥയാണിത്. അദ്ദേഹം യാജ്ഞവൽക്യ മുനി എന്ന സദ്ഗുരുവിൻ്റെ ശിഷ്യനായിരുന്നു. ജനക രാജാവിൻ്റെ സമകാലിക മനുഷ്യാവതാരമായ സദ്ഗുരു ഒരു ദിവസം അവനെ പരീക്ഷിച്ചു. ജനക രാജാവ് യാജ്ഞവൽക്യ മഹർഷിയുടെ ദൈവത്തെക്കുറിച്ചുള്ള ഒരു തർക്കവും ആഴത്തിലുള്ള ചർച്ചയും ഉള്ള സത്സംഗത്തിൽ മുഴുകി. അപ്പോൾ മഹർഷിയുടെ അത്ഭുത ശക്തിയാൽ നടപ്പിലാക്കിയ പദ്ധതി പ്രകാരം മിഥില നഗരം മുഴുവൻ അഗ്നിജ്വാലയിൽ കത്തിയമർന്നു എന്ന് കരഞ്ഞുകൊണ്ട് ഒരു ഭടൻ വന്നു.

ജനക രാജാവിൻ്റെ എല്ലാ സമ്പത്തും കുട്ടികളും ഭാര്യയും കത്തി നശിച്ചു, ഇത് സൈനികൻ അറിയിച്ചു. മഹർഷിയുടെ അത്ഭുതശക്തിയാൽ, സൈനികൻ അത്തരമൊരു രംഗം ദൈവിക മായയായി കണ്ടു. അതിനാൽ, സൈനികൻ   സത്യസന്ധനായിരുന്നു. ഹൃദയസ്‌പർശിയായ ഈ വാർത്ത കേട്ടപ്പോൾ ജനക രാജാവ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, മിഥില നഗരം കത്തി നശിച്ചാൽ തൻ്റെ ഒന്നും കത്തി നശിച്ചിട്ടില്ല (മിഥിലായാം പ്രദഗ്ധായാം മേ കിഞ്ചന ദഹ്യതേ). ഇവിടെ, ജനക രാജാവിൻ്റെ ദൈവവുമായുള്ള ബന്ധനവും സമ്പത്ത്, കുട്ടികൾ, ജീവിതപങ്കാളി എന്നിങ്ങനെ മൂന്ന് ശക്തമായ ലൗകിക ബന്ധനങ്ങളും തമ്മിൽ മത്സരമുണ്ട്. ദൈവവുമായുള്ള ബന്ധനത്തിൻ്റെ ദൃഢതയ്ക്ക് മുമ്പ്, ഏറ്റവും ശക്തമായ മൂന്ന് ലോകബന്ധനങ്ങൾ പരാജയപ്പെട്ടു. ഇതിനർത്ഥം ജനക രാജാവിന് ദൈവത്തോട് അത്രമേൽ അടുപ്പമുണ്ടായിരുന്നു (അറ്റാച്ച്മെന്റ്), അവൻ്റെ എല്ലാ ലോകബന്ധനങ്ങളും സ്വയമേവ ഉപേക്ഷിക്കപ്പെട്ടു എന്നാണ്. ഞാൻ പറഞ്ഞ ഈ ഉദാഹരണത്തിൻ്റെ കഥ എല്ലാവർക്കും അറിയാമെന്ന് ഞാൻ കരുതി, സ്ഥിതപ്രജ്ഞ എന്നാൽ ദൈവത്തോടുള്ള അവൻ്റെ/അവളുടെ അതിരുകടന്ന ആസക്തി കാരണം എല്ലാ  ലോകബന്ധനങ്ങളും   ഉപേക്ഷിക്കപ്പെടുന്ന ആത്മാവാണെന്ന് ഞാൻ കരുതി. അതിനാൽ, ഈ പ്രസിദ്ധമായ കഥ എല്ലാവർക്കും അറിയാമെന്ന് കരുതി ഞാൻ ദൈവത്തെക്കുറിച്ച് പ്രത്യേകം പരാമർശിച്ചില്ല. ജനകരാജാവിൻ്റെ ലൗകികബന്ധനങ്ങൾ ഉപേക്ഷിക്കപ്പെട്ടതു ദൈവത്തിൽ പൂർണ്ണമായി ലയിച്ചതുകൊണ്ടാണ്, അല്ലാതെ വേശ്യയിൽ ലയിച്ചതുകൊണ്ടല്ല!

ജനക രാജാവ് തൻ്റെ രാജ്യം ഭരിച്ചു, ഭാര്യയെയും മക്കളെയും പരിചരിച്ചു, ഒരു സാധാരണ ഗൃഹനാഥനെപ്പോലെ തൻ്റെ എല്ലാ കർത്തവ്യങ്ങളും ചെയ്തുകൊണ്ടിരുന്നു. പക്ഷേ, ജനകനും ഒരു സാധാരണ ഗൃഹനാഥനും തമ്മിലുള്ള വ്യത്യാസം, ജനകൻ്റെ ലൗകിക ബന്ധനങ്ങൾ ബാഹ്യം മാത്രമായിരുന്നു, അതേസമയം ഒരു സാധാരണ ആത്മാവിൻ്റെ ലൗകിക ബന്ധനങ്ങൾ ബാഹ്യവും ആന്തരികവുമാണ്. കാരണം, സാധാരണ ആത്മാവ് ജനകനെപ്പോലെ ഈശ്വരനിൽ പൂർണ്ണമായി ലയിച്ചിട്ടില്ല. ആന്തരിക സ്‌നേഹമില്ലാതെ എങ്ങനെയാണ് ഒരാൾക്ക് ജീവിത പങ്കാളിയുമായും കുട്ടികളുമായും ബാഹ്യമായ ബന്ധനം സ്ഥാപിക്കാൻ കഴിയുക എന്ന് നിങ്ങൾ ചോദിച്ചേക്കാം. കർത്തവ്യങ്ങൾ ജനകൻ പൂർണ്ണമായി നിർവഹിക്കുമ്പോൾ, ബാഹ്യമായി ജനകനും ഒരു സാധാരണ ആത്മാവും (കുര്യാത് വിദ്വാന് തഥാഽസക്തഃ.. - ഗീത) തമ്മിൽ വ്യത്യാസമില്ല. ജീവിത പങ്കാളിയും മക്കളും ജനകൻ്റെ ഹൃദയം പ്രവർത്തിപ്പിക്കില്ല, അവരോട് ഹൃദയത്തിൽ സ്നേഹമില്ലെന്ന് പരാതിപ്പെടുന്നു! മറ്റേതൊരു സാധാരണ ആത്മാവിനെയും പോലെ ജനകൻ തങ്ങളെ സ്നേഹിക്കുന്നുവെന്ന് അവർ ചിന്തിക്കുന്നു. ജീവിത പങ്കാളിയോടും മക്കളോടുമുള്ള കടമകൾ നിർവ്വഹിക്കുന്നതിൽ ഒരു കുറവുമില്ലാത്തതിനാൽ, ഒരു കുടുംബത്തിൽ കുടുങ്ങിയ ഏതൊരു ആത്മാവിനെയും പോലെ ജനകൻ തങ്ങളെ പൂർണ്ണമായി സ്നേഹിക്കുന്നു എന്ന മിഥ്യാധാരണയിലാണ് അവർ. ഇതിലൂടെ ജനകൻ്റെ ഹൃദയത്തിൽ തങ്ങളോടുള്ള സ്നേഹമില്ലായ്മയെക്കുറിച്ച് പരാതിപ്പെടാൻ കുടുംബം ഒട്ടും കഷ്ടപ്പെടില്ല. നിങ്ങൾ നിങ്ങളുടെ കുടുംബത്തെ ഈ രീതിയിൽ വഞ്ചിക്കുകയാണെന്ന് നിങ്ങൾ വിഷമിക്കേണ്ടതില്ല. കാരണം, ഓരോ കുടുംബ ബന്ധനവും വഞ്ചന മാത്രമാണെന്നാണ് വേദം പറയുന്നത്. ഭാര്യ ഭർത്താവിനെ സ്നേഹിക്കുന്നത് അവൻ്റെ സന്തോഷത്തിനല്ല, മറിച്ച് ഭർത്താവിൽ നിന്നും തിരിച്ചും ലഭിക്കുന്ന അവളുടെ സന്തോഷത്തിനാണ്. എല്ലാ ലൗകിക ബന്ധനങ്ങളും ഇതുപോലെയാണ് (ആത്മനഃ കാമയ സർവം പ്രിയം ഭവതി - വേദം).

ഭക്തനോടുള്ള ഭഗവാന്റെ സ്നേഹം മാത്രം വഞ്ചനയല്ല, കാരണം പരമാനന്ദമായ ദൈവത്തിന് ഒരു ആത്മാവിൽ നിന്നും സന്തോഷം ആവശ്യമില്ല. ഈ രീതിയിൽ, ഒരു സ്ഥിതപ്രജ്ഞന് ഒരു നഷ്ടവുമില്ല. മാത്രമല്ല, മറ്റൊരു നേട്ടം, ജീവിതപങ്കാളിക്കും കുട്ടികൾക്കും അവരുടെ വിധിയുടെ അടിസ്ഥാനത്തിൽ എന്തെങ്കിലും സംഭവിച്ചാൽ, അവരിൽ നിന്നുള്ള ആന്തരിക വേർപിരിയൽ കാരണം ജനകൻ അവരാൽ വേദനിക്കപ്പെടില്ല. ആരെങ്കിലും വേദനിച്ചാലും, ആ നഷ്ട്ടം നികത്താൻ എന്തെങ്കിലും തിരിച്ചു ലഭിക്കുമോ? അതിനാൽ, വേദനകൊണ്ട് ഒരു പ്രയോജനവുമില്ല. മാത്രമല്ല, വേദന പല രോഗങ്ങൾക്കും കാരണമാകുകയും ആരോഗ്യം നശിപ്പിക്കുകയും ചെയ്യും, ഇത് ഹൃദയാഘാതത്താൽ ആത്മാവിനെ മരണത്തിലേക്ക് നയിച്ചേക്കാം. മനസ്സിലെ ലൗകിക ബന്ധനങ്ങളോടുള്ള ഈ അന്ധമായ അഭിനിവേശം കാരണം പ്രയോജനത്തിൻ്റെ അഭാവം മാത്രമല്ല, ഗുരുതരമായ നഷ്ടത്തിൻ്റെ സാന്നിധ്യവും പ്രത്യക്ഷപ്പെടുന്നു. അതിനാൽ, ലോകത്തുള്ള ആരോടും ഒന്നിനോടും നിങ്ങൾക്ക് ആകർഷണം ഉണ്ടാകരുത്, അതേ സമയം, നിങ്ങളുടെ എല്ലാ കർത്തവ്യങ്ങളും കുടുംബത്തിൽ കുടുങ്ങിയ ആത്മാവിനെപ്പോലെ നിങ്ങൾ പൂർണമായി ചെയ്യണം എന്നതാണ് സന്ദേശം. ഭഗവാൻ കൃഷ്ണൻ തൻ്റെ ഗീതയിൽ നിർദ്ദേശിച്ചതുപോലെ ആത്മാവിനെ ഒരു സ്ഥിതപ്രജ്ഞയാക്കാൻ ഈ വിശകലനം സഹായിക്കുന്നു. ഗീതയിൽ പോലും ഒരു സ്ഥിതപ്രജ്ഞനെ നിരീശ്വരവാദിയാണെന്ന് ആളുകൾക്ക് എളുപ്പത്തിൽ തെറ്റിദ്ധരിക്കാനാകും, കാരണം അവൻ്റെ ദൈവഭക്തിയുടെ പോയിൻ്റ് വിശദീകരിക്കപ്പെട്ടിട്ടില്ല. സ്ഥിതപ്രജ്ഞ എന്നാൽ എല്ലാ അവബോധവും (ആത്മാവ്) പൂർണ്ണമായും ദൈവത്തിൽ സ്ഥിതി ചെയ്യുന്ന വ്യക്തി എന്നാണ് അർത്ഥമാക്കുന്നത് (സ്ഥിതപ്രജ്ഞ സർവ ഭഗവതി യസ്യ സഃ സ്ഥിതപ്രജ്ഞഃ ). അവബോധം കേവലം സ്ഥിതി ചെയ്യുന്ന സ്ഥലമായി നിങ്ങൾ ഇതിനെ നിർവചിച്ചാൽ, അവബോധം അവൻ്റെ മസ്തിഷ്ക-നാഡീവ്യവസ്ഥയിൽ (നെർവെസ് സിസ്റ്റം) സ്ഥിതിചെയ്യുന്നുവെന്ന് പറയേണ്ടിവരും. അങ്ങനെയെങ്കിൽ, അത് എല്ലാ സാധാരണ മനുഷ്യർക്കും പൊതുവായുള്ളതാണ്. പിന്നെ, സ്ഥിതപ്രജ്ഞയുടെ പ്രത്യേകത എന്താണ്? അതിനാൽ, ഒരു സ്ഥിതപ്രജ്ഞയിലെ അവബോധം അവൻ്റെ ശരീരത്തിലാണെന്ന് നിങ്ങൾ പറയരുത്. അവൻ്റെ അദ്വൈത ദർശനമനുസരിച്ച് അവബോധം ഒരാളുടെ സ്വയത്തിലോ ബ്രഹ്മനിലോ സ്ഥിതിചെയ്യുന്നുവെന്ന് ശങ്കരൻ പോലും പറഞ്ഞു. ഇവിടെ പോലും, അവബോധം ദൈവത്തിൽ (ബ്രഹ്മൻ) മാത്രമാണെന്ന് നിങ്ങൾ ശ്രദ്ധിക്കണം, അത് ശരീരത്തിൽ ഉണ്ടെന്ന് പറയാത്തതിനാൽ ഇത് ഒരു പൊതു പോയിൻ്റാണ്.

2. കടമകൾ ചെയ്യുമ്പോൾ, ആത്മാവിൽ സ്നേഹവും ആകർഷണീയതയും പ്രത്യക്ഷപ്പെടാം.

[മിസ്സ്‌. ത്രൈലോക്യയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- കർത്തവ്യങ്ങൾ ചെയ്യുന്നത് നിഷ്ക്രിയമായ ജോലിയാണ്, അതിൽ അവബോധം നിലവിലില്ല. സ്നേഹവും ആകർഷണീയതയും അവബോധത്തിൻ്റേതാണ്. അവബോധം ആന്തരിക ആത്മാവാണ്. ആന്തരിക അവബോധത്തിൽ ഉയരുന്ന സ്നേഹവും ആകർഷണീയതയും നിങ്ങളുടെ ബാഹ്യമായ കർത്തവ്യത്തിന് കാരണമാണെങ്കിൽ, അത്തരമൊരു വ്യക്തിയെ സ്ഥിതപ്രജ്ഞൻ എന്ന് വിളിക്കാൻ കഴിയില്ല. ആന്തരിക അവബോധത്തിലെ സ്നേഹവും ആകർഷണീയതയും പൂർണ്ണമായും ദൈവത്തിൽ മാത്രമുള്ളതാണെങ്കിൽ, ബാഹ്യമായ കർത്തവ്യങ്ങൾ ആന്തരിക സ്നേഹത്തോടും ആകർഷണീയതയോടും യാതൊരു ബന്ധനവുമില്ലാതെ നിർവഹിക്കുകയാണെങ്കിൽ, അത്തരമൊരു വ്യക്തിയെ മാത്രം സ്ഥിതപ്രജ്ഞൻ എന്ന് വിളിക്കാം. ഒരു സാധാരണ ആത്മാവിൻ്റെ കാര്യത്തിൽ, ആന്തരിക അവബോധത്തിലോ ആത്മാവിലോ ഉയരുന്ന സ്നേഹവും ആകർഷണീയതയും ബാഹ്യമായ കർത്തവ്യങ്ങൾ നിർവഹിക്കാനുള്ള കാരണമായി മാറുന്നു. ആന്തരികമായ സ്നേഹവും ആകർഷണീയതയും കൂടാതെ ബാഹ്യമായ നിഷ്ക്രിയ കർത്തവ്യങ്ങൾ നിർവഹിക്കുന്നത് സാധ്യമല്ലെന്ന് നിങ്ങൾക്ക് പറയാനാവില്ല, അത് ശരിയല്ല. ആന്തരിക സ്നേഹവും ആകർഷണീയതയും ഏറ്റവും ശക്തവും ആകർഷകവുമായ ദൈവത്താൽ ആകർഷിക്കപ്പെടുകയാണെങ്കിൽ, ബാഹ്യമായ നിർജ്ജീവമായ പ്രവൃത്തി ആന്തരിക അവബോധവുമായി ബന്ധിപ്പിക്കാതെ ചെയ്യാൻ കഴിയും, കാരണം പ്രവർത്തനം നിഷ്ക്രിയമാണ്. ഉദാഹരണത്തിന്, സൈക്കിളിൽ സഞ്ചരിക്കുന്ന ഒരാൾ തൻ്റെ പ്രണയവും ആകർഷണീയതയും പൂർണ്ണമായും ഉൾക്കൊള്ളുന്ന ഒരു ഗാനം ആലപിക്കുമ്പോൾ ബാഹ്യമായ നിഷ്ക്രിയ റൈഡിംഗ് ജോലി യാന്ത്രികമായി ചെയ്യുന്നു. അതുപോലെ, ആന്തരിക സ്നേഹവും ആകർഷണീയതയും പൂർണ്ണമായും ദൈവത്തിന് സമർപ്പിക്കുമ്പോൾ ഒരാൾക്ക് പതിവ് കടമകൾ ചെയ്യാൻ കഴിയും. ദത്ത ഭഗവാൻ നടത്തുന്ന ഏത് പ്രായോഗിക പരീക്ഷയിലും ഈ അവസ്ഥ തെളിയിക്കാൻ കഴിയും, കാരണം മുകളിൽ പറഞ്ഞ ജനക രാജാവിൻ്റെ കാര്യം നമ്മൾ കണ്ടതിനാൽ, ജനകന്റെ കേവലം സൈദ്ധാന്തിക ഭക്തിയല്ല, മറിച്ച് യഥാർത്ഥ പ്രായോഗിക ഭക്തി തന്നെയായിരുന്നുവെന്ന് തെളിയിക്കപ്പെടുന്നു. അതിനാൽ, ആത്മാവിൻ്റെ ആന്തരിക അവബോധത്തിൽ ലൗകികമായ ഒരു ബന്ധനവും യഥാർത്ഥത്തിൽ നിലവിലില്ലാത്തതിനാൽ, ഒരു സ്ഥിതപ്രജ്ഞന് ഒരു ലൗകിക ബന്ധനവും പരീക്ഷിക്കാതെ നേരിട്ട് മോക്ഷം നൽകപ്പെടുന്നു. ഏറ്റവും ശക്തമായ മൂന്ന് ലൗകിക ബന്ധനങ്ങൾക്കായുള്ള മൂന്ന് പരീക്ഷണങ്ങൾ മറ്റ് സാധാരണ ആത്മാക്കൾക്ക് മാത്രമാണ് ചെയ്യുന്നത്, അത് മൂന്ന് ശക്തമായ ലൗകിക ബന്ധനങ്ങളാൽ കുടുങ്ങിയിരിക്കുന്നു. അത്തരമൊരു സാധാരണ ആത്മാവിന് മാത്രമേ ഒടുവിൽ ഒരു സ്ത്രീ ജന്മം  എടുക്കേണ്ടി വരികയുള്ളൂ, അങ്ങനെ സമ്പത്തിനൊപ്പം ജീവിത പങ്കാളിയുമായും കുട്ടിയുമായുള്ള അവളുടെ ബന്ധനത്തിനായി ആത്മാവിനെ പരീക്ഷിക്കാൻ കഴിയും. വാസ്തവത്തിൽ, എല്ലാ ഗോപികമാരും ജീവിത പങ്കാളിയുമായുള്ള ബന്ധനത്തിൻ്റെ പരീക്ഷയിൽ വിജയിച്ചു, പക്ഷേ, മിക്കവാറും എല്ലാവരും കുട്ടിയുടെയും സമ്പത്തിൻ്റെയും സംയുക്ത-ബന്ധന പരീക്ഷയിൽ പരാജയപ്പെട്ടു. അതിനാൽ, ഈ മൂന്ന് ശക്തമായ ലൗകിക ബന്ധനങ്ങളിൽ സ്ഥിതപ്രജ്ഞരായ ആത്മാക്കൾ പരീക്ഷിക്കപ്പെടാത്തതിനാൽ ഓരോ ആത്മാവും അന്തിമ സ്ത്രീ ജന്മത്തിലേക്ക് പോകേണ്ടതില്ല. 

സീതയെ കാട്ടിൽ നഷ്ടപ്പെട്ടപ്പോൾ രാമൻ ഉറക്കെ കരയുകയായിരുന്നു. അപ്പോൾ ലക്ഷ്മണൻ അവനോട് പറഞ്ഞു, "അല്ലയോ സഹോദരാ! കരച്ചിൽ നിർത്തുക. കരഞ്ഞതുകൊണ്ട് സീതയെ കണ്ടെത്താനാവില്ല, അതുകൊണ്ട് പ്രയോജനമില്ല. പ്രയോജനമില്ലെന്ന് മാത്രമല്ല, കരച്ചിൽ അധിക നഷ്ടവും ഉണ്ടാകുന്നു. കരയുന്നതിലൂടെ നിങ്ങൾക്ക് ശക്തി നഷ്ടപ്പെടുകയും സീതയെ അന്വേഷിക്കാൻ കഴിയാതെ വരികയും ചെയ്യും. ലക്ഷ്മണൻ ആദിശേഷൻ്റെയും പതഞ്ജലി ആദിശേഷൻ്റെയും അവതാരമാണ്. അതിനാൽ ലക്ഷ്മണൻ പതഞ്ജലിയാണ്. പതഞ്ജലി തൻ്റെ യോഗ സൂത്രത്തിൽ യോഗയെ നിർവചിച്ചിരിക്കുന്നത് യോഗ എന്നാൽ ബാഹ്യലോകവുമായി ബന്ധപ്പെടാടാതെ മനസ്സിനെ ചെറുക്കുക എന്നാണ് (യോഗഃ ചിത്തവൃത്തി നിരോധനഃ). മനസ്സ് ബാഹ്യലോകവുമായി ബന്ധപ്പെടുന്നതിലൂടെ, നിങ്ങൾ ബാഹ്യലോകവുമായി അവബോധത്തിൻ്റെ ആന്തരിക ബന്ധനം  (സ്നേഹവും ആകർഷണവും) വളർത്തിയെടുക്കും, അതിലൂടെ നിങ്ങൾ ആസ്വദിക്കുകയും കരയുകയും ചെയ്യും. സത്യത്തിൽ, സീതയെ ഓർത്ത് കരഞ്ഞുകൊണ്ട് ലക്ഷ്മണൻ്റെ ജ്ഞാനം ശ്രീരാമൻ പരീക്ഷിച്ചു.

3. ഗോപികമാരായി ജനിച്ച മുനിമാർ ഇതിനകം സ്ഥിതപ്രജ്ഞയിൽ ആയിരുന്നില്ല എന്നാണോ അങ്ങ് ഉദ്ദേശിക്കുന്നത്?

[ശ്രീമതി പ്രിയങ്കയുടെ ഒരു ചോദ്യം.]

സ്വാമി മറുപടി പറഞ്ഞു:- പന്ത്രണ്ട് ഋഷിമാരൊഴികെ മറ്റെല്ലാ ഋഷിമാരും പ്രത്യേകിച്ച് കുട്ടികളുടെ ബന്ധനത്തിൽ പരാജയപ്പെട്ടുവെന്ന് കഥ തെളിയിക്കുന്നു. ഒരു സ്ഥിതപ്രജ്ഞൻ ഒരു ഋഷിയാകാം, എന്നാൽ ഓരോ ഋഷിയും  സ്ഥിതപ്രജ്ഞനാകണമെന്നില്ല. കാലഭൈരവൻ നായയുടെ രൂപത്തിലാണ്, അതിനർത്ഥം ഓരോ നായയും കാലഭൈരവനാണെന്നല്ല. ഭഗവാൻ കൃഷ്ണൻ ഒരു മനുഷ്യനാണ്, എന്നാൽ എല്ലാ മനുഷ്യരും കൃഷ്ണ ഭഗവാനല്ല. സന്താനങ്ങളുമായും സമ്പത്തുമായും ഉള്ള ബന്ധനം വളരെ ദുർബ്ബലമാണെന്നും പരീക്ഷിക്കേണ്ടതില്ലെന്നും കരുതി ഋഷിമാർ ജീവിത പങ്കാളിയുമായുള്ള ബന്ധനം പരീക്ഷിക്കുന്നതിനായി രാമദേവനെ സമീപിച്ചു. ജീവിത പങ്കാളിയുമായുള്ള ഏറ്റവും ശക്തമായ ബന്ധനത്തിൻ്റെ പരീക്ഷയിൽ വിജയിച്ചാൽ, സമ്പൂർണ്ണ മോക്ഷം സ്വയമേവ കൈവരുമെന്ന് അവർ തെറ്റിദ്ധരിച്ചു. പക്ഷേ, അടുത്ത ജന്മത്തിൽ, ഗോപികമാരായി ജനിച്ചപ്പോൾ, മിക്കവാറും എല്ലാവരും കുട്ടികളുടെയും സമ്പത്തിന്റെയും (വെണ്ണ) സംയുക്ത പരീക്ഷയിൽ പരാജയപ്പെട്ടു. കുട്ടികളുമായുള്ള ബന്ധനം ഏറ്റവും ശക്തവും അജയ്യവുമാണെന്ന് അവർ മനസ്സിലാക്കി. ഋഷിമാരുടെ രാജാവായ വ്യാസ മുനി പോലും, ഈശ്വര പ്രീതിക്കായി വീടുവിട്ടിറങ്ങുന്ന  തൻ്റെ പുത്രനായ ശുക മുനിയുടെ പിന്നാലെ ഓടിക്കൊണ്ട് കുട്ടികളുമായുള്ള ഈ ബന്ധനത്തിൽ പരാജയപ്പെട്ടു. ശുകൻ വലിയ മഹർഷി ആയിരുന്നെങ്കിലും, പരിശോധകനായ ജനക രാജാവിൽ നിന്ന് മോക്ഷത്തിനുള്ള പാസ് സർട്ടിഫിക്കറ്റ് വാങ്ങാൻ പിതാവായ വ്യാസ മുനി അദ്ദേഹത്തെ ജനക രാജാവിൻ്റെ അടുത്തേക്ക് അയച്ചു. ജനക രാജാവിനെപ്പോലുള്ള ഒരു സ്ഥിതപ്രജ്ഞൻ ഏറ്റവും വലിയ മഹർഷിയായ ശുകൻ്റെ പരിശോധകനായിത്തീർന്നുവെന്ന് ഇത് കാണിക്കുന്നു.

4. റോം നഗരം കത്തിക്കൊണ്ടിരിക്കുമ്പോൾ നീറോ രാജാവും തൻ്റെ ഫിഡിൽ വായിച്ചതായി ഞങ്ങൾ കേട്ടു. അവനും സ്ഥിതപ്രജ്ഞനാണോ?

[പ്രൊഫ. ജെ.എസ്.ആർ. പ്രസാദിൻ്റെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- അവൻ ഒരു ദൈവഭക്തനാണെങ്കിൽ, അവൻ ഫിഡിലിൽ ഒരു ഭക്തിഗാനം വായിച്ചിരുന്നെങ്കിൽ, അവൻ തീർച്ചയായും ഒരു സ്ഥിതപ്രജ്ഞനാണ്. പക്ഷേ, അവൻ ഫിഡിലിൽ ലൗകിക സംഗീതം വായിക്കുകയാണെങ്കിൽ, അവൻ ഒരു സ്ഥിതപ്രജ്ഞനല്ല, കാരണം ലൗകിക സംഗീതത്തോടുള്ള ഇഷ്ടവും ആകർഷണവും ഒരു ലൗകിക ബന്ധനമാണ്, അതിനാൽ, എല്ലാ ലൗകിക ബന്ധനങ്ങളിൽ നിന്നും മോക്ഷം നേടാൻ അവന് കഴിയില്ല.

5. സ്ഥിതപ്രജ്ഞനായിരിക്കുമ്പോൾ, നമുക്ക് ദൈവസേവനവും അതേ രീതിയിൽ ചെയ്യാൻ കഴിയുമോ?

[മിസ്സ്‌. ത്രൈലോക്യയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങളുടെ മനസ്സ് നന്നായി പ്രവർത്തിക്കുന്നുണ്ടോ? സ്ഥിതപ്രജ്ഞ എന്നാൽ ആന്തരിക അവബോധവുമായി (സ്നേഹവും ആകർഷണവും) ഒരു ബന്ധനവുമില്ലാതെ ബാഹ്യമായ നിഷ്ക്രിയ പ്രവൃത്തിയാണ്. കർത്തവ്യമായി ചെയ്യേണ്ട ലൗകിക പ്രവർത്തനത്തിന് ഈ  അവസ്ഥ ബാധകമാണ്. നിങ്ങളുടെ ആന്തരിക സ്നേഹവും ആകർഷണീയതയും പൂർണ്ണമായും ഉൾപ്പെട്ടിരിക്കുന്ന ബാഹ്യമായ സേവനവും ത്യാഗവും നിങ്ങൾ ദൈവത്തിനുവേണ്ടി ചെയ്യുന്നു. ഉള്ളിലെ സ്നേഹവും ആകർഷണീയതയും ദൈവത്തിൽ കേന്ദ്രീകരിച്ച് ബാഹ്യമായ നിഷ്ക്രിയ കർത്തവ്യം ചെയ്യുന്നത് ഒരു മധുരഗാനം ആലപിച്ച് മനസ്സ് പൂർണ്ണമായും യാന്ത്രികമായി സൈക്കിൾ ഓടിക്കുന്നത് പോലെയാണ്. ആന്തരിക സ്നേഹവും ആകർഷണീയതയും പൂർണ്ണമായും ഉൾപ്പെട്ടിരിക്കുന്ന ദൈവസേവനം ചെയ്യുന്നത് ഒരു സൈക്കിൾ  റേസിൽ എന്ന പോലെ സവാരിയിൽ പൂർണ്ണമായ ഏകാഗ്രതയോടെ സൈക്കിൾ ചവിട്ടുന്നത് പോലെയാണ്.

6. ആളുകൾ സ്വന്തം സന്തോഷത്തിനോ മറ്റുള്ളവരുടെ സന്തോഷത്തിനോ വേണ്ടി മറ്റുള്ളവരെ സേവിക്കുന്നുവെങ്കിൽ, ഈ ലോകത്തിൽ യഥാർത്ഥ സ്നേഹത്തിൻ്റെ കേസുകൾ ഉണ്ടോ?

[എല്ലാ ലോകബന്ധനങ്ങളും വഞ്ചന ബന്ധനങ്ങൾ മാത്രമാണെന്ന് ഞാൻ പറഞ്ഞപ്പോൾ, മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി മാത്രമാണ് തങ്ങൾ മറ്റുള്ളവർക്കുള്ള സേവനം ചെയ്യുന്നതെന്ന് ചിലർ മറുപടി നൽകി. മറ്റുചിലർ പറഞ്ഞു, അവർ മറ്റുള്ളവരെ സേവിക്കുന്നു, അത് അവർക്ക് സന്തോഷം നൽകുന്നു. ലോകത്തിലെ യഥാർത്ഥ സ്നേഹമല്ലേ അത്? ഇവ രണ്ടും അങ്ങ് എങ്ങനെ വിശദീകരിക്കും?]

സ്വാമി മറുപടി പറഞ്ഞു:- മറ്റുള്ളവരെ സേവിക്കുന്നതിലൂടെ സേവിക്കുന്ന വ്യക്തിക്ക് ദുരിതം വന്നാൽ നിങ്ങളുടെ രണ്ട് കേസുകളും അപ്രത്യക്ഷമാകും. ദുരിതം ആക്രമിക്കാത്തിടത്തോളം, ഈ രണ്ട് തരത്തിലുള്ള കപട പ്രസ്താവനകൾ ആരുടെയെങ്കിലും വായിൽ നിന്ന് വരുന്നു. ദൈവത്തിൻ്റെ കാര്യത്തിൽ, ഒരു സ്ഥിതപ്രജ്ഞൻ ദൈവത്തോടുള്ള സ്‌നേഹവും അഭിനിവേശവും മൂലം എന്തെങ്കിലും കഷ്ടപ്പാടുകൾ അനുഭവിച്ചാലും ദൈവസേവനം തുടരുന്നു. ലൗകിക കർത്തവ്യങ്ങളുടെ കാര്യത്തിലും, ഒരു സ്ഥിതപ്രജ്ഞൻ ലൗകിക ദുരിതത്തെക്കുറിച്ച് ഒട്ടും ആകുലപ്പെടുകയില്ല, കാരണം അത്തരം നിഷ്ക്രിയമായ ബാഹ്യ ജോലിക്ക് അവൻ്റെ ആന്തരിക സ്നേഹവും ആകർഷണവും തമ്മിൽ യാതൊരു ബന്ധവുമില്ല. ഹനുമാൻ സീതയെ അന്വേഷിക്കുമ്പോൾ, അന്വേഷണത്തിൽ വളരെയധികം വിഷമിച്ചതിനാൽ ആത്മഹത്യ-ദുരിതത്തെക്കുറിച്ചുള്ള ചിന്ത അദ്ദേഹത്തെ ആക്രമിച്ചു. എന്നിട്ടും, സീതയെ കണ്ടെത്തുന്നതുവരെ അവൻ സീതയെ അന്വേഷിച്ചു. പ്രഹ്ലാദൻ്റെ കാര്യത്തിൽ, ഈ അർപ്പണബോധമുള്ള ഭക്തനായ ആൺകുട്ടിയെ ഒരുപാട് ദുരിതങ്ങൾ ആക്രമിച്ചു, പക്ഷേ, പ്രഹ്ലാദൻ പിന്നോട്ട് പോയില്ല. ഭഗവാൻ കൃഷ്ണനോടുള്ള അവളുടെ ഭക്തിയെക്കുറിച്ച് തെറ്റിദ്ധരിച്ചതിനാൽ മീരയോട് അവളുടെ ഭർത്താവ് ഒരു കപ്പ് വിഷം കുടിക്കാൻ ആവശ്യപ്പെട്ടു. മീര തൻ്റെ ഭക്തി പിൻവലിക്കാതെ വിഷക്കപ്പ് കുടിച്ചു. അതിനാൽ, ദൈവത്തിൻ്റെ കാര്യത്തിൽ മാത്രമേ യഥാർത്ഥ സ്നേഹം സാധ്യമാകൂ.

7. ഗോപികമാരിൽ പന്ത്രണ്ടുപേർ മാത്രമേ സ്ഥിതപ്രജ്ഞനുള്ളൂ എന്നു പറയാമോ?

ശ്രീമതി. ഛന്ദ ചോദിച്ചു:- പദനമസ്കാരം, സ്വാമി. സ്ഥിതപ്രജ്ഞയെക്കുറിച്ചുള്ള ഉത്തരങ്ങളുടെ തുടർച്ചയായി, എല്ലാ ഗോപികമാരിലും 12 ഗോപികമാർ മാത്രമേ സ്ഥിതപ്രജ്ഞരായിട്ടുള്ളൂ എന്ന് പറയാമോ? ബാക്കിയുള്ള ഋഷിമാർ അങ്ങനെയായിരുന്നില്ല.]

സ്വാമി മറുപടി പറഞ്ഞു:- പന്ത്രണ്ട് ഗോപികമാർ സ്ഥിതപ്രജ്ഞയ്ക്ക് ഏതാണ്ട് തുല്യരാണ്, പന്ത്രണ്ട് ഗോപികമാർ ഏറ്റവും ശക്തമായ മൂന്ന് ലൗകിക ബന്ധനങ്ങളുടെ പരീക്ഷകളിൽ വിജയിച്ചു എന്ന വ്യത്യാസമല്ലാതെ, ഒരു സ്ഥിതപ്രജ്ഞന് ഒരു ലൗകിക ബന്ധനത്തിനും പരിശോധനയില്ല, കാരണം ലൗകിക ബന്ധനങ്ങൾ യാതൊരു ബന്ധനവുമില്ലാതെ ജഡവും ബാഹ്യവുമാണ്. ആന്തരിക അവബോധത്തിലേക്ക്. ബാഹ്യമായ ലൗകിക ബന്ധനങ്ങൾ അവരുടെ ആന്തരിക സ്നേഹത്തോടും ആകർഷണീയതയോടും ബന്ധപ്പെട്ടിരിക്കുന്ന ആത്മാക്കൾക്ക് മാത്രമാണ് പരീക്ഷകൾ. എല്ലാ ഗോപികമാരും പരീക്ഷിക്കപ്പെട്ടു, അവരിൽ പന്ത്രണ്ട് പേർ പരീക്ഷയിൽ വിജയിച്ചു. ഒരു സ്ഥിതപ്രജ്ഞയെ പരീക്ഷിക്കേണ്ടതില്ല, പാസ് ബിരുദങ്ങൾ അവർക്ക് നൽകപ്പെടുന്നു.

8. എന്തുകൊണ്ട് ജനകന് ഏറ്റവും ഉയർന്ന ഫലം നൽകിയില്ല?

[സ്ഥിതപ്രജ്ഞനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ജനക രാജാവ്. ശുക മുനിയുടെ പരിശോധകനായിത്തീർന്നതിനാൽ അദ്ദേഹം ഏറ്റവും വലിയ ഋഷിമാരേക്കാൾ ഉയർന്നതാണ് എന്നതിൽ സംശയമില്ല. കുറെ നാളായി എനിക്ക് ഈ സംശയം ഉണ്ട്. ഇന്നത്തെ സമ്പൂർണ്ണ സന്ദർഭത്തിൽ, ഞാൻ അങ്ങയോടു ചോദിക്കട്ടെ, അങ്ങനെയാണെങ്കിൽ, എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഏറ്റവും ഉയർന്ന ഫലത്തേക്കാൾ ഉയർന്നത് നൽകാത്തത്? അല്ലെങ്കിൽ അദ്ദേഹത്തിന് കൊടുത്തിരിക്കാം. ദയവായി ഇത് വ്യക്തമാക്കൂ. അങ്ങയുടെ ദിവ്യമായ താമര പാദങ്ങളിൽ എപ്പോഴും, ഛന്ദ.]

സ്വാമി മറുപടി പറഞ്ഞു:- പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഫലം പ്രഖ്യാപിക്കൂ. പരീക്ഷയില്ലാതെ ബിരുദം നേടിയ ഒരു ഉദ്യോഗാർത്ഥിക്ക് നിങ്ങൾക്ക് എന്ത് ഫലം പ്രഖ്യാപിക്കാനാകും? അത്തരത്തിലുള്ള സ്ഥിതപ്രജ്ഞ ആത്മാക്കൾ, അവതാര ദൗത്യത്തെ സഹായിക്കാൻ ദൈവത്തോടൊപ്പം ഭൂമിയിലേക്ക് വരുന്ന ജീവിക്കുന്ന രക്ഷ പ്രാപിച്ച ആത്മാക്കളാണ്. പരമോന്നത ബ്രഹ്മലോകത്തിലെത്തിയ ഹനുമാൻ ഭഗവാന്റെ വിഭാഗത്തിൽ പെടുന്നവരാണ് ഇവർ.

9. ജനക രാജാവിന് തൻ്റെ മകളായ സീതയോട് യഥാർത്ഥ സ്നേഹം ഉണ്ടായിരുന്നില്ലേ?

[ശ്രീ അഭിരാമൻ ചോദിച്ചു: ജനക രാജാവിന് തൻ്റെ മകളായ സീതയോട് യഥാർത്ഥ സ്നേഹം ഉണ്ടായിരുന്നില്ലേ? ജനക രാജാവ് സീതയെ വിവാഹം കഴിഞ്ഞ് ഒരു മാസം തൻ്റെ വീട്ടിൽ താമസിപ്പിച്ചു. ജനക രാജാവിന് തൻ്റെ കുട്ടികളോട് സ്‌നേഹത്തിൻ്റെയും ആകർഷണീയതയുടെയും ആന്തരിക ബന്ധനമുണ്ടായിരുന്നുവെന്ന് ഇത് കാണിക്കുന്നില്ലേ?]

സ്വാമി മറുപടി പറഞ്ഞു:- ഗീതയിൽ (കർമണൈവ ഹി സംസിദ്ധിം... ) ഭഗവാൻ കൃഷ്ണൻ തന്നെ ജനക രാജാവിനെ സ്ഥിതപ്രജ്ഞനായി ഉദ്ധരിച്ചിട്ടുണ്ട്. സ്ഥിതപ്രജ്ഞനായ അദ്ദേഹത്തിന് സമ്പത്ത്, കുട്ടികൾ, ജീവിത പങ്കാളി എന്നിവയിൽ സ്നേഹമില്ല. അദ്ദേഹത്തിന് ഭഗവാൻ രാമനോട് മാത്രമേ സ്നേഹവും ആകർഷണവും ഉണ്ടായിരുന്നുള്ളൂ. വിവാഹശേഷം, മകളും മരുമകനും ഒരു മാസം അമ്മായിയപ്പൻ്റെ വീട്ടിൽ കഴിയണമെന്നത് ധാർമ്മിക പാരമ്പര്യമാണ്. അത്തരം പുരാതന പാരമ്പര്യം നിലനിന്നിരുന്നു, ഭഗവാൻ ശിവൻ പോലും തൻ്റെ അമ്മായിയപ്പൻ്റെ വീട്ടിൽ ഒരു മാസം താമസിച്ചു (മാസമത്രമവസദ്വൃഷധ്വജഃ കുമാരസംഭവം). ഈ ആചാരത്തിന് ഒരു പ്രത്യേകതയും ഇല്ല.

 
 whatsnewContactSearch