home
Shri Datta Swami

Posted on: 20 May 2024

               

Malayalam »   English »  

ശ്രീമതി ത്രൈലോക്യയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees of Swami]

പ്രബുദ്ധരും അർപ്പണബോധമുള്ളവരുമായ ദൈവദാസരേ,

1. സത്യകാമൻ്റെ പിതാവ് ജന്മംകൊണ്ട് ബ്രാഹ്മണനായിരിക്കണം എന്നും അനുമാനിക്കാൻ കഴിയുമോ?

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു:- പാദനമസ്കാരം സ്വാമി. സ്വാമി, ഗൗതമൻ സത്യകാമ ജാബാലയെ ബ്രാഹ്മണനാണെന്ന് അനുമാനിച്ചത് അവൻ തൻ്റെ ജനനത്തെക്കുറിച്ചുള്ള കയ്പേറിയ സത്യം പറഞ്ഞതുകൊണ്ടാണെന്ന് അങ്ങ് പറഞ്ഞു. ഈ അനുമാനം മറ്റൊരു തരത്തിലും ആകാം, അതായത് സത്യകാമയുടെ പിതാവ് ജന്മംകൊണ്ട് ബ്രാഹ്മണനായിരിക്കണം.]

സ്വാമി മറുപടി പറഞ്ഞു:- ആ കുട്ടിയുടെ പിതാവ് ജന്മം കൊണ്ട് ബ്രാഹ്മണനാണെന്ന് ഗൗതമൻ സത്യകാമയുടെ അമ്മയിൽ നിന്ന് മനസ്സിലാക്കിയാലും, സത്യം പറയുന്നതിൻ്റെ ഗുണം പരീക്ഷിക്കാതെ ഗൗതമൻ സത്യകാമനെ ബ്രാഹ്മണനായി തീരുമാനിക്കില്ല. സത്യകാമ ഒരു കള്ളം പറഞ്ഞിരുന്നെങ്കിൽ, ഗൗതമൻ അവനെ അവൻ്റെ ജനനത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രം അടിസ്ഥാനപ്പെടുത്തി തൻ്റെ സ്കൂളിൽ ചേർക്കില്ലായിരുന്നു. മാത്രമല്ല, ജനശ്രുതി രാജാവിൻ്റെ രണ്ടാമത്തെ ഉദാഹരണം ജാതിയുടെ യഥാർത്ഥ ആശയത്തെ തെളിയിക്കുന്നു, അതായത്, ജാതി നിർണ്ണയിക്കുന്നത് ഗുണങ്ങളും പ്രവൃത്തികളുമാണ്, അല്ലാതെ ജന്മം കൊണ്ടല്ല. ജനശ്രുതി ഒരു ക്ഷത്രിയനായിരുന്നുവെന്ന് രൈക്വ മുനിക്ക് നന്നായി അറിയാം. ജന്മം കൊണ്ട് ജാതി നിശ്ചയിക്കപ്പെട്ടാൽ ഋഷിക്ക് അവനെ ശൂദ്രൻ എന്ന് വിളിക്കാനാവില്ല. ജനശ്രുതി ഭൗതിക കാര്യങ്ങളിൽ മാത്രം മാനസികമായി ആകുലപ്പെടുന്നതിനാൽ, ഋഷി അവനെ ശൂദ്രൻ എന്ന് വിളിച്ചു, ഇത് ജാതി ഒരു ആത്മാവിൻ്റെ ഗുണങ്ങളെയും പ്രവൃത്തികളെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും  ജന്മത്തെ അടിസ്ഥാനമാക്കി അല്ലെന്നും ഇത് തെളിയിക്കുന്നു. ജനശ്രുതി ജന്മം കൊണ്ട് ക്ഷത്രിയനാണെന്ന് മുനിക്ക് അറിയാം. ജന്മം കൊണ്ട് മാത്രമേ ജാതി തീരുമാനിക്കൂ എന്നതാണ് അടിസ്ഥാന ആശയമെങ്കിൽ, ഋഷി അവനെ ക്ഷത്രിയൻ എന്ന് മാത്രമേ വിളിക്കാവൂ. തിരിച്ചറിവിൻ്റെ വിലാസത്തിനായി ജന്മനായുള്ള ജാതി പറയാവുന്നതാണ്. പക്ഷേ, ജാതിയുടെ അന്തിമ തീരുമാനം ഗുണങ്ങളും പ്രവൃത്തികളും മാത്രമാണ്. ഒരു ആത്മാവ് ബ്രാഹ്മണരുടെ ജാതിയിൽ ജനിച്ചേക്കാം, ജനിച്ച ആത്മാവ് ബ്രഹ്മ ബന്ധു (ജന്മം കൊണ്ട് ബ്രാഹ്മണരുമായി ബന്ധപ്പെട്ടിരിക്കുന്നു) അല്ലെങ്കിൽ ജന്മ ബ്രാഹ്മണൻ (അവൻ ജന്മം കൊണ്ട് മാത്രം ബ്രാഹ്മണൻ) ആണെന്ന് ഞങ്ങൾ പറയുന്നു. അവൻ്റെ ഗുണങ്ങൾ ക്ഷത്രിയന്റേതോ വൈശ്യന്റേതോ ആണെങ്കിൽ, അവനെ കർമ്മ ക്ഷത്രിയൻ അല്ലെങ്കിൽ കർമ്മ വൈശ്യൻ എന്ന് വിളിക്കണം.

ബ്രാഹ്മണ കുടുംബത്തിൽ ജനിക്കുന്ന ഒരു കുട്ടി ചുറ്റുമുള്ള ബ്രാഹ്മണ അന്തരീക്ഷത്തിൻ്റെ സ്വാധീനത്താൽ ബ്രാഹ്മണരുടെ മുഴുവൻ സംസ്കാരവും സ്വാംശീകരിക്കും എന്ന ഒരു മിഥ്യാധാരണയിലാണ് ജന്മനാലുള്ള ജാതിയുടെ തീരുമാനം നിർണ്ണയിക്കുന്നത്. പക്ഷേ, ജനിച്ച ആത്മാവിനും അന്തർലീനമായ ബ്രാഹ്മണ ഗുണങ്ങൾ ഉള്ളപ്പോൾ മാത്രമേ ഇത് സാധ്യമാകൂ. ആത്മാവിന് മറ്റ് ജാതികളുടെ ഗുണങ്ങൾ അതിൻ്റെ അന്തർലീനമായ ഗുണങ്ങളായി ഉണ്ടെങ്കിൽ, അവൻ ബ്രാഹ്മണ സംസ്കാരം ഉൾകൊള്ളുകയില്ല.

ആത്മാവിന് ബ്രാഹ്മണ-ഗുണങ്ങൾ അതിൻ്റെ ജന്മത്തിന് മുമ്പുതന്നെ ഇതിനോടകം തന്നെ അതിൻ്റെ അന്തർലീനമായ ഗുണങ്ങളായി  കിട്ടിയിട്ടില്ലെങ്കിൽ, കേവലമായ ബ്രാഹ്മണ ജന്മവും കേവലമായ ബ്രാഹ്മണ അന്തരീക്ഷവും ഒരു ആത്മാവിനെ ബ്രാഹ്മണനാക്കാൻ കഴിയില്ല. അതിനാൽ, ആത്മാവ് ബ്രാഹ്മണ മാതാപിതാക്കളിൽ ജനിച്ച് ബ്രാഹ്മണാന്തരീക്ഷത്തിലാണ് വളർന്നതെങ്കിലും, അതിൻ്റെ അന്തർലീനമായ ഗുണങ്ങൾ ക്ഷത്രീയ ജാതിയിൽ പെട്ടതാണെങ്കിൽ, അത്തരം ആത്മാവിനെ ജന്മബ്രാഹ്മണനെന്നും കർമ്മ ക്ഷത്രിയനെന്നും വിളിക്കുന്നു. അതിനാൽ, ജാതി തീരുമാനിക്കുന്നത് ആത്മാവിനെ വളർത്തുന്ന അന്തരീക്ഷം മാത്രമല്ല, ആത്മാവിൻ്റെ അന്തർലീനമായ ഗുണങ്ങളും കൂടിയാണ്. ഇവ രണ്ടും (അന്തരീക്ഷവും അന്തർലീനമായ ഗുണങ്ങളും) ഒന്നായി മാറുകയാണെങ്കിൽ, അത്തരം ആത്മാവിനെ മാത്രമേ ജന്മ ബ്രാഹ്മണനെന്നും കർമ്മ ബ്രാഹ്മണനെന്നും വിളിക്കുന്നത്, അതായത് അത് സമ്പൂർണ്ണ ബ്രാഹ്മണനാണ്.

ബ്രാഹ്മണ മാതാപിതാക്കളാൽ ജന്മമെടുത്ത് ബ്രാഹ്മണാന്തരീക്ഷത്തിൽ വളർന്നുവന്ന ആത്മാവിന് അന്തർലീനമായ ബ്രാഹ്മണ ഗുണങ്ങൾ ഉള്ളപ്പോൾ, അത്തരമൊരു ആത്മാവ് പൂർണ്ണ ബ്രാഹ്മണനാകുകയും അത്തരം സന്ദർഭങ്ങൾ നിരീക്ഷിക്കുന്നതിലൂടെ, ആത്മാവ് ബ്രാഹ്മണ മാതാപിതാക്കൾക്കു ജനിച്ചതിനാൽ പൂർണ്ണ ബ്രാഹ്മണനായി മാറുകയും ചെയ്തു എന്ന തെറ്റായ അഭിപ്രായം ആളുകൾ വളർത്തിയെടുത്തു. ഈ നിഗമനം തെറ്റാണ്, കാരണം രക്തം (ജീനുകൾ) ചില സ്വഭാവരീതികൾ വഹിച്ചേക്കാം, എന്നാൽ ഗുണങ്ങളല്ല.

ജനനത്തിനു മുമ്പുള്ള ഒരു ആത്മാവിൻ്റെ ഗുണങ്ങൾ ആ ആത്മാവിൻ്റെ അന്തർലീനമായ ഗുണങ്ങളാണ്, ഈ അന്തർലീനമായ ഗുണങ്ങൾ മാത്രമേ എത്ര ജന്മങ്ങളിലും ആത്മാവിനോടൊപ്പം ഉണ്ടാകൂ. അതിനാൽ, ഒരു ആത്മാവിൻ്റെ പ്രവൃത്തികളിൽ പ്രകടിപ്പിക്കുന്ന ഈ അന്തർലീനമായ ഗുണങ്ങളെ അടിസ്ഥാനമാക്കി ജാതി തീരുമാനിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ പരിശോധന. പരശുരാമനെപ്പോലെയുള്ള ദൈവത്തിൻ്റെ അവതാരം പോലും ജന്മബ്രാഹ്മണനും കർമ്മ ക്ഷത്രിയനുമായിരുന്നു, കാരണം അദ്ദേഹത്തിൻ്റെ ഗുണങ്ങൾ ക്ഷത്രിയ ജാതിയിൽ മാത്രം പെടുന്നതായിരുന്നു. രാമൻ്റെ കാര്യം എടുത്താൽ അവൻ ജന്മ ക്ഷത്രിയനായിരുന്നു. പക്ഷേ, അവൻ്റെ ഗുണങ്ങൾ സത്വമായിരുന്നു, അതിനാൽ അവൻ കർമ്മ ബ്രാഹ്മണനാണ്. രാവണൻ ജന്മ ബ്രാഹ്മണനാണ് എന്നാൽ കർമ്മ ചണ്ഡാളനാണ്. നിങ്ങളുടെ ജാതി-പരിശോധന ഒരു ആത്മാവിൻ്റെ ഗുണങ്ങളെയും പ്രവൃത്തികളെയും മാത്രം അടിസ്ഥാനമാക്കിയാണെങ്കിൽ, ആത്മാവിൻ്റെ ജാതിയെക്കുറിച്ചുള്ള നിങ്ങളുടെ നിഗമനം തികഞ്ഞതും സുരക്ഷിതവുമായിരിക്കും.

2. ദൈവം മനുഷ്യരൂപത്തിലുള്ള ദൈവം, സമയത്തിൻ്റെയും പ്രവൃത്തിയുടെയും നിയമങ്ങളും പരിധികളും പാലിക്കുന്നത് എന്തുകൊണ്ട്?

[എന്തുകൊണ്ടാണ് മനുഷ്യരൂപത്തിലുള്ള ദൈവം സമയത്തിൻ്റെയും പ്രവൃത്തിയുടെയും നിയമങ്ങളും പരിധികളും പാലിച്ച് പ്രവർത്തിക്കുന്നത്? സർവശക്തി എന്ന തൻ്റെ സങ്കൽപ്പിക്കാനാവാത്ത ശക്തി ഉപയോഗിച്ച് ഒരു സെക്കൻഡിൻ്റെ അംശം കൊണ്ട് അവന് ജോലി ചെയ്യാൻ കഴിയും. സ്വാമി, ദയവായി അഭിപ്രായം പറയൂ.]

സ്വാമി മറുപടി പറഞ്ഞു:- ദൈവത്തിൻ്റെ മനുഷ്യാവതാരം തൻ്റെ സർവശക്തി ഉപയോഗിച്ച് പ്രവർത്തിക്കുകയാണെങ്കിൽ, അത് മറ്റ് മനുഷ്യ ഭക്തർക്ക് ഒരു മാതൃകയാകാൻ കഴിയില്ല. മനുഷ്യരൂപത്തിലുള്ള ദൈവം സമയത്തിൻ്റെയും അധ്വാനത്തിൻ്റെയും പരിമിതികൾ പാലിച്ചുകൊണ്ട് കർമ്മം നിർവ്വഹിച്ചാൽ, മനുഷ്യ ഭക്തർക്ക് ഒരു ഉത്തമ മാതൃകയാകാൻ കഴിയും. അതിനാൽ, വളരെ അത്യാവശ്യമായ സാഹചര്യം വന്നാലല്ലാതെ ദൈവം തൻ്റെ സർവശക്തിയെ ഇടയ്ക്കിടെ വെറുതെ പ്രകടിപ്പിക്കുകയില്ല. അപ്പോഴും, കർമ്മങ്ങളുടെയും ഫലങ്ങളുടെയും ചക്രം ഓടിക്കുന്ന നീതിയുടെ ദേവതയുടെ അവസ്ഥയും ദൈവം കാണും. അത്തരമൊരു ഭരണമാണ് ഏറ്റവും നല്ല ദൈവിക ഭരണം. പറയുന്ന ഓരോ പ്രസ്താവനയിലും രാജാവ് തന്റെ വാൾ കാണിക്കുന്നുണ്ടെങ്കിൽ അത് തുഗ്ലക്ക് എന്ന ഭ്രാന്തൻ രാജാവിൻ്റെ ഭ്രാന്തൻ ഭരണമാണ്! അതിനാൽ, ഭഗവാൻ രാമൻ ലോകത്തിലെ എല്ലാ പരിമിതികളും കർശനമായി പാലിച്ചു, കാരണം മനുഷ്യർക്ക് ഒരു മാതൃകയായി നിൽക്കാൻ അവൻ ആഗ്രഹിച്ചു (ആദർശ മാനുഷാവതാരം). ഭഗവാൻ കൃഷ്ണൻ നിരവധി അത്ഭുതങ്ങൾ ചെയ്യുകയും താൻ മനുഷ്യ രാശിക്ക് അതീതനാണെന്ന് കാണിച്ചുതരികയും ഈ അവതാരത്തിൻ്റെ ലക്ഷ്യം ദൈവത്തിൻ്റെ സർവ്വശക്തിയും (ലീലാ മാനുഷാവതാരം) പ്രകടിപ്പിക്കുക എന്നതാണ് എന്നും കാണിച്ചുതന്നു. ആദ്ധ്യാത്മിക അഭിലാഷിക്ക് നടക്കാനുള്ള പാത രാമനാണ്, എത്തിച്ചേരേണ്ട അവസാന ലക്ഷ്യം കൃഷ്ണനാണ്. മനുഷ്യാവതാരം ഉൾപ്പെടെയുള്ള ഏതൊരു മഹാത്മാവും കർമ്മങ്ങൾ ചെയ്യുമ്പോൾ ലോകത്തിൻ്റെ പരിമിതികൾ പിന്തുടരണമെന്നു ഗീത പറയുന്നു, അതിനാൽ മറ്റ് സാധാരണ മനുഷ്യരും ദൈവത്തിൻ്റെ മനുഷ്യാവതാരമടക്കമുള്ള മഹാത്മാക്കൾ സ്ഥാപിച്ച നല്ല പാരമ്പര്യങ്ങൾ എളുപ്പത്തിൽ പിന്തുടരും (ലോക സംഗ്രഹ മേവാ'പി. … ).

3. റോമഹർഷൻ തെറ്റും ബലരാമൻ ശരിയും ആണെന്ന് ഇസ്‌കോൺ (ISCKON) കരുതുന്നു. ദയവായി അഭിപ്രായപ്പെടുക.

[സ്വാമി, ബലരാമൻ നൽകിയ മരണത്തോടെ റോമഹർഷണൻ്റെ കഥ ഇസ്‌കോൺ ആളുകൾ നിർത്തി. റോമഹർഷൻ തെറ്റും ബലരാമൻ ശരിയും ആണെന്നു അവർ കണ്ടെത്തി. ദയവായി ഇതിൽ അഭിപ്രായം പറയൂ.]

സ്വാമി മറുപടി പറഞ്ഞു:- സ്റ്റോറി-സിനിമ അവതരിപ്പിച്ചത് ഇടവേള വരെ മാത്രം. കഥയുടെ (സ്റ്റോറി) രണ്ടാം ഭാഗത്തിൽ, എല്ലാ മുനിമാരും ബലരാമനെ തൻ്റെ തെറ്റിന് ശകാരിക്കുകയും ബലരാമൻ തൻ്റെ തെറ്റ് മനസ്സിലാക്കുകയും പശ്ചാത്തപിക്കുകയും ചെയ്തു. ബലരാമൻ അവതാരമായതിനാൽ, റോമഹർഷണന് വീണ്ടും ജീവൻ നൽകി. ഒരുപക്ഷേ, ആ ഇസ്‌കോൺ (ISCKON) ഭക്തന് ഇടവേള വരെ മാത്രം സിനിമ കാണുകയും തിയേറ്റർ വിട്ട് തൻ്റെ വസതിയിലേക്ക് പോകുകയും ചെയ്യുന്ന ശീലമുണ്ട്!

4. ഹനുമാൻ സംരക്ഷിച്ച യയാതിയുടെ കഥയിൽ എന്തുകൊണ്ടാണ് ഭഗവാൻ രാമന് തെറ്റുപറ്റിയത്?

സ്വാമി മറുപടി പറഞ്ഞു:- ദൈവം ഒരിക്കലും തെറ്റുകാരനല്ല. ഈശ്വര പ്രീതിക്കായി മാതാവുമായുള്ള ലൗകിക ബന്ധനം മറികടക്കാൻ കഴിയുമോ ഇല്ലയോ എന്ന് അദ്ദേഹം ഹനുമാനെ പരീക്ഷിച്ചു. ഹനുമാൻ ഈ പരീക്ഷയിൽ പരാജയപ്പെടുകയും ദൈവത്തിനെതിരെ അമ്മയെ പിന്തുണക്കുകയും ചെയ്തു. ദൈവവേലയ്ക്കായി കുട്ടിക്കാലത്ത് തന്നെ വൃദ്ധയായ അമ്മയെ ഉപേക്ഷിച്ച ശങ്കരനായി അടുത്ത അവതാരത്തിൽ ഹനുമാൻ തൻ്റെ തെറ്റ് മനസ്സിലാക്കി. ഹനുമാൻ രാമന് കീഴടങ്ങി യയാതിയെ സമർപ്പിച്ചുവെന്ന് കരുതുക, രാമൻ യയാതിയെ കൊല്ലില്ലായിരുന്നു, ഹനുമാൻ രാമൻ്റെ പരീക്ഷയിൽ വിജയിക്കുമായിരുന്നു! ഭഗവാൻ രാമൻ തൻ്റെ ഗുര വിശ്വാമിത്രനെ ബോധ്യപ്പെടുത്തി പ്രശ്നം പരിഹരിക്കാമായിരുന്നു! ദൈവം ഭക്തനെ പരീക്ഷിക്കുമ്പോൾ, ദൈവം അനീതിയെ പിന്തുണയ്ക്കുന്ന തെറ്റായി കാണപ്പെടുന്നു. പക്ഷേ, ഭഗവാൻ ഒരിക്കലും തെറ്റുകാരനല്ല എന്ന വിശ്വാസം ഭക്തനുണ്ടാകണം. പരീക്ഷണത്തിനൊടുവിൽ താൻ തെറ്റുകാരനല്ലെന്ന് ദൈവവും തെളിയിക്കുന്നു. ഗോപികമാരുടെ വെണ്ണ മോഷ്ടിക്കുന്ന ഒരു കള്ളനായി ഭഗവാൻ കൃഷ്ണൻ അവതരിച്ചു. പക്ഷേ, ദൈവം അവരുടെ സമ്പത്തുമായും അവരുടെ കുട്ടിയുമായും അവരുടെ സംയുക്ത ബന്ധനം പരീക്ഷിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ, ദൈവവുമായുള്ള അവരുടെ ബന്ധനത്തെ പരാമർശിച്ച് ദൈവത്തിന് ലൗകിക ബന്ധനങ്ങളെ പരീക്ഷിക്കേണ്ടി വന്നതിനാൽ, ദൈവത്തിന് ഇതുപോലെ പ്രവർത്തിക്കേണ്ടിവന്നു, ഇത് ഒരു പരീക്ഷകന്‌ അനിവാര്യമാണ്. അതിനാൽ, വെണ്ണ മോഷ്ടിക്കുന്നത് ന്യായമാണ്!

 
 whatsnewContactSearch