22 Nov 2024
[Translated by devotees of Swami]
ഭാഗം-1
ദൈവത്തിൻറെ പ്രബുദ്ധരും അർപ്പണബോധമുള്ളവരുമായ ദാസന്മാരേ
[ശ്രീ ഫണി പറഞ്ഞു:- ഇന്ന് നാം വേദവ്യാസ മഹർഷിയുടെ ജന്മദിനമായ ഗുരുപൂർണിമ ആഘോഷിക്കുകയാണ്. ഒരു ഗുരു നമ്മുടെ അജ്ഞത ഇല്ലാതാക്കുന്നു. നമ്മുടെ അജ്ഞത ഇല്ലാതാക്കാൻ എപ്പോഴും ഭൂമിയിൽ അവതരിക്കുന്ന ദത്ത ഭഗവാനെ ഗുരു ദത്ത എന്നും വിളിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട സദ്ഗുരു, ശ്രീ ദത്ത സ്വാമി, ദത്ത ഭഗവാന്റെ സമകാലിക അവതാരമാണ്. നമുക്ക് ഉത്തമമായ ആദ്ധ്യാത്മിക ജ്ഞാനം നൽകുവാനും നമ്മുടെ അജ്ഞത ഇല്ലാതാക്കുവാനുമാണ് അവൻ മനുഷ്യരൂപത്തിൽ അവതരിച്ചത്. അവൻ ശരിയായ പാത കാണിക്കുകയും നമ്മെ ശരിയായ ദിശയിലേക്ക് നയിക്കുകയും ചെയ്യുന്നു. നമുക്കെല്ലാവർക്കും ആത്മീയതയിൽ ധാരാളം ചോദ്യങ്ങളുണ്ട്, മാത്രമല്ല നമ്മെ ആശയക്കുഴപ്പത്തിലാക്കാൻ വളച്ചൊടിച്ച ധാരാളം ജ്ഞാനങ്ങളും ലോകത്തിലുണ്ട്. നമ്മുടെ സ്വാമി എല്ലാ വേദാന്തദർശനങ്ങളും, ഉപനിഷത്തുകളും, ഭഗവദ്ഗീതയും, പ്രസ്ഥാനത്രയവും മറ്റ് മത ദർശനങ്ങളും ആധുനിക ശാസ്ത്രത്തോടൊപ്പം പരസ്പരബന്ധിതമാക്കിയിട്ടുണ്ട്.
എല്ലാ തത്ത്വചിന്തകളെയും പരസ്പരബന്ധിതമാക്കുകയും ലോകത്തിലെ എല്ലാ മതങ്ങൾക്കും ഇടയിൽ ഐക്യം കൊണ്ടുവരികയും ചെയ്യുന്ന അത്തരം യഥാർത്ഥവും സമ്പൂർണ്ണവുമായ ആത്മീയ ജ്ഞാനം നൽകാൻ ദത്തഭഗവാനല്ലാതെ മറ്റാർക്കും കഴിയാത്തതിനാൽ പരമ പൂജ്യനായ ശ്രീ ശ്രീ ശ്രീ ദത്ത സ്വാമി മറ്റാരുമല്ല, ദത്തഭഗവാൻ തന്നെയാണ്.
ദത്ത ഭഗവാൻ്റെ സമകാലിക മനുഷ്യാവതാരമായ സ്വാമിയെ നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ചതിൽ നമ്മൾ വളരെ ഭാഗ്യവാന്മാരാണ്. നമ്മുടെ സംശയങ്ങളുടെ എല്ലാ വ്യക്തതകളും ഭഗവാൻ ദത്തയിൽ നിന്ന് നേരിട്ട് ലഭിക്കാനുള്ള അപൂർവ അവസരമാണ് നമുക്ക് ലഭിക്കുന്നത്. സ്വാമി നമ്മുടെ എല്ലാ സംശയങ്ങളും തീർത്തു തരും, എല്ലാവർക്കും അവർക്കുള്ള ചോദ്യങ്ങളും സംശയങ്ങളും ചോദിക്കാം. നമ്മളുടെ അജ്ഞത അകറ്റാനും നമുക്കെല്ലാവർക്കും അവൻ്റെ ദിവ്യാനുഗ്രഹം നൽകാനും ഞാൻ സ്വാമിയോട് പ്രാർത്ഥിക്കുന്നു.]
1. ദൈവത്തെ പ്രസാദിപ്പിക്കാൻ ജീവിതകാലം മുഴുവൻ എടുക്കുന്നത് എന്തുകൊണ്ട്?
[ശ്രീ ഭരത് കൃഷ്ണ ചോദിച്ചു:- പാദനമസ്കാരം സ്വാമി! പൊതുവേ, മനുഷ്യാവതാരമായ ദൈവത്തെ പ്രീതിപ്പെടുത്തുന്ന ആത്മീയ ലക്ഷ്യം കൈവരിക്കാൻ ദശലക്ഷക്കണക്കിന് ജന്മങ്ങൾ വേണ്ടിവരുമെന്ന് പറയപ്പെടുന്നു. എന്തുകൊണ്ടാണ് സ്വാമി ഇത്രയധികം സമയം എടുക്കുന്നത്?]
ശ്രീ സ്വാമി മറുപടി പറഞ്ഞു:- ഭഗവദ്ഗീതയിൽ, ഓരോ വ്യക്തിഗത ആത്മാവും രാത്രിയിൽ ആഴത്തിലുള്ള ഉറക്കത്തിൽ മരിക്കുന്നുവെന്നും നിങ്ങൾ രാവിലെ ഉണരുമ്പോൾ പുനർജനിക്കുകയും ചെയ്യുന്നുവെന്നും പറയുന്ന ഒരു ശ്ലോകമുണ്ട് (അതചൈനം...). അതിനാൽ, ഒരു ദിവസം തന്നെ ഒരു ജന്മത്തിനു തുല്യമായി കണക്കാക്കാം. അതിനാൽ, അനേകം ജന്മങ്ങൾ അർത്ഥമാക്കുന്നത് അനേകം ദിവസങ്ങൾ ആണ്, അനേകം വർഷങ്ങൾ അല്ലെങ്കിൽ അനേകം ജന്മങ്ങൾ അല്ല. നിങ്ങൾ ശരിയായ വ്യാഖ്യാനം എടുക്കുകയാണെങ്കിൽ, അതിനർത്ഥം വളരെ ദിവസങ്ങൾക്ക് ശേഷം നിങ്ങൾക്ക് മോക്ഷം ലഭിക്കുമെന്ന് മാത്രമാണ്.
2. ഒരു ഫലവും പ്രതീക്ഷിക്കാതെ എങ്ങനെ ജോലി ചെയ്യാം?
[ശ്രീ ഗണേഷ് ചോദിച്ചു:- പാദനമസ്കാരം സ്വാമിജി! മാനസിക പിരിമുറുക്കം ഒഴിവാക്കാൻ ജോലിയുടെ ഫലം പ്രതീക്ഷിക്കാതെ പ്രവർത്തിക്കണമെന്ന് അങ്ങ് പറഞ്ഞു. പക്ഷേ, ഒരു പ്രത്യേക ഫലത്തിന് വേണ്ടി ചെയ്യണമെന്ന ഉദ്ദേശമില്ലാതെ ഒരു ജോലി എങ്ങനെ ചെയ്യുമെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല?]
ശ്രീ സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ ജോലി ചെയ്യുന്ന ഏതെങ്കിലും ഫലം ലഭിക്കാൻ നിങ്ങൾക്ക് ഉദ്ദേശിക്കാം. ഫലം നേടാൻ, നിങ്ങൾ ജോലി ചെയ്യുന്നു - അത്രയും പ്രാരംഭ ഉദ്ദേശം ശരിയാണ്. പക്ഷേ, ജോലിയുടെ മുഴുവൻ സമയത്തും, നിങ്ങൾ എല്ലായ്പ്പോഴും ഫലത്തെക്കുറിച്ച് മാത്രം ചിന്തിക്കുകയാണെങ്കിൽ, ഫലത്തെക്കുറിച്ച് ചിന്തിക്കുന്നതിൽ നിങ്ങളുടെ എല്ലാ ഊർജ്ജവും തീർന്നുപോകും. ഊർജം എപ്പോഴും പരിമിതമായതിനാലും ആ പരിമിതമായ ഊർജ്ജം ആവേശത്തിലും ഉത്കണ്ഠയിലും മാത്രം ചെലവഴിക്കുന്നതിനാലും, ജോലി പൂർത്തിയാക്കാനുള്ള ഊർജ്ജം ശേഷിക്കില്ല. നിങ്ങൾ തീർച്ചയായും ഇടക്ക് വച്ചു തന്നെ ജോലി ചെയ്യുന്നത് നിർത്തും, ജോലി പൂർത്തിയാക്കിയില്ലെങ്കിൽ നിങ്ങൾക്ക് ഫലം ലഭിക്കില്ല.
അതിനാൽ, നിങ്ങൾ ഫലത്തെക്കുറിച്ച് വിഷമിക്കേണ്ടതില്ല. തുടക്കത്തിൽ, ജോലി ആരംഭിക്കുന്നതിന് നിങ്ങൾക്ക് ഫലത്തിൽ നിങ്ങളുടെ മനസ്സ് ഉറപ്പിക്കാം. എന്നാൽ ഒരിക്കൽ നിങ്ങൾ ജോലി ആരംഭിച്ചുകഴിഞ്ഞാൽ, നിങ്ങൾ ഫലത്തെക്കുറിച്ച് ചിന്തിക്കരുത്.
3. ആരെങ്കിലും നമ്മെ വഞ്ചിച്ചാൽ എന്തുചെയ്യും?
[മിസ്സ്. ആരതി ചോദിച്ചു:- പാദനമസ്കാരം സ്വാമിജി! നമ്മുടെ ഭാഗത്ത് നിന്ന് ഒരു തെറ്റും കൂടാതെ ആരെങ്കിലും നമ്മെ വഞ്ചിച്ചാൽ, അത് എങ്ങനെ എടുക്കണം? ചില പാഠങ്ങൾ പഠിപ്പിക്കാൻ ആ വ്യക്തിയിലൂടെ വന്നത് നമ്മുടെ സ്വന്തം ഭൂതകാല മോശം കർമ്മമാണോ?]
ശ്രീ സ്വാമി മറുപടി പറഞ്ഞു:- വഞ്ചിക്കപ്പെടുന്നതിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ മുൻകരുതലുകൾ എടുക്കുകയും പ്രതിരോധമാണ് എല്ലായ്പ്പോഴും ചികിത്സയേക്കാൾ മികച്ചതെന്ന് ഓർമ്മിക്കുകയും വേണം. ആരെങ്കിലും നിങ്ങളെ വഞ്ചിക്കുകയും നിങ്ങൾക്ക് ഇതിനകം എന്തെങ്കിലും നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, ഇനി അടുത്തത് അത് ഒരു പാഠമായി എടുത്ത് ഭാവിയിൽ ജാഗ്രത പാലിക്കുക എന്നതാണ്. ഭൂതകാലം ഭാവിയിലേക്കുള്ള പാഠമാണ്. തീർച്ചയായും, നിങ്ങൾ പശ്ചാത്തലത്തിലേക്ക് പോയാൽ, അത് നിങ്ങളുടെ മുൻകാല കർമ്മം മൂലമാകാം. കഴിഞ്ഞ ജന്മത്തിൽ നിങ്ങൾ അയാളെ ചതിച്ചിരിക്കാം, ഇപ്പോൾ അവൻ നിങ്ങളെ ഒരു തിരിച്ചടിയായി (റിട്ടോർട്ട്) ചതിക്കുന്നു. ഇതൊരു തിരിച്ചടിയാണെങ്കിൽ നിങ്ങൾക്ക് അതിനെതിരെ ഒന്നും ചെയ്യാൻ കഴിയില്ല. അയാൾക്കെതിരെ നടപടിയെടുത്താലും അത് ഫലിക്കില്ല. ഇത് ഒരു പുതിയ കേസായിരിക്കാം, അതായത് നിങ്ങൾ അവനെ മുൻ ജന്മത്തിൽ ചതിച്ചിട്ടില്ല, ഈ ജന്മത്തിൽ അവൻ നിങ്ങളെ ചതിച്ചിരിക്കുന്നു. പുതിയ കേസാണെങ്കിൽ ദൈവം തീർച്ചയായും അവനെ ശിക്ഷിക്കും. അവൻ ശിക്ഷിക്കപ്പെട്ടാലും നിങ്ങളുടെ നഷ്ടം നികത്തപ്പെടില്ലെന്ന് ഓർമ്മിക്കുക. നഷ്ടം നഷ്ടമാണ്, അവൻ ശിക്ഷിക്കപ്പെട്ടാലും നിങ്ങൾക്ക് പ്രതിഫലമായി ഒന്നും ലഭിക്കില്ല. അങ്ങനെയെങ്കിൽ, നിങ്ങൾ അത് ദൈവത്തിന് വിട്ടുകൊടുക്കുകയും പ്രതികാര മനോഭാവം കാണിക്കാതിരിക്കുകയും ചെയ്യുക. ദൈവത്തോട് പ്രാർത്ഥിക്കുക, നിശബ്ദത പാലിക്കുക, പ്രതികാരം ചെയ്യരുത്. നിങ്ങൾ മിണ്ടാതിരുന്നാൽ ദൈവം അവനെ ശിക്ഷിക്കുക മാത്രമല്ല, നിങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്യും. നിങ്ങൾ അവന്റെ ശിക്ഷയെക്കുറിച്ച് ചിന്തിക്കരുത്, അത് പൂർണ്ണമായും ദൈവത്തിന് വിട്ടുകൊടുക്കണം. പാപിയെ നവീകരിക്കാൻ മാത്രമാണ് ദൈവം ശിക്ഷ നൽകുന്നത്, പക്ഷേ പ്രതികാരം ചെയ്യാനല്ല. പ്രതികാര മനോഭാവത്തോടെയും പ്രതികാരത്തോടെയും നിങ്ങൾ ചിന്തിക്കുമ്പോൾ നിങ്ങളുടെ ആരോഗ്യം വഷളാകുന്നു. മുമ്പത്തെ നഷ്ടത്തിനൊപ്പം ഇത് നിങ്ങൾക്ക് ഒരു അധിക നഷ്ടമാണ്. അതിനാൽ, നിശബ്ദത പാലിക്കുക, പ്രതികാര മനോഭാവം വളർത്തിയെടുക്കരുത്. ദൈവത്തോട് പ്രാർത്ഥിക്കുകയും ഫലം അവനു വിട്ടുകൊടുക്കുകയും ചെയ്യുക. കേസ് ഇപ്പോൾ ദൈവത്തിൻ്റെ കോടതിയിൽ ഉള്ളതിനാൽ ദൈവം തീർച്ചയായും നടപടിയെടുക്കും. ഏതു ദിവസവും ഈ ലോകത്തിൻ്റെ മുഴുവൻ ഭരണാധികാരിയും ദൈവമാണ്. പ്രതികാരം ചെയ്തിട്ടില്ലെന്നും ആ പാപിയെ ശിക്ഷിച്ചില്ലെന്നും കരുതുക അങ്ങനെയെങ്കിൽ അത് ദൈവത്തിൻ്റെ ഭരണത്തിൽ കറുത്ത അടയാളമായി മാറും. മറ്റാരേക്കാളും തന്റെ ഭരണത്തെക്കുറിച്ച് ദൈവം കൂടുതൽ ആകുലപ്പെടുന്നു. അതിനെക്കുറിച്ച് നിങ്ങൾ എന്തിന് വിഷമിക്കണം? എന്തായാലും, അവൻ ശിക്ഷിക്കപ്പെട്ടാലും നിങ്ങളുടെ നഷ്ടം നികത്തപ്പെടുന്നില്ല. അതിലുപരിയായി, നിങ്ങൾ ആ വ്യക്തിയോട് പ്രതികാര-മനോഭാവം കാണിക്കുകയാണെങ്കിൽ, എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? നിങ്ങളുടെ പ്രതികാര-മനോഭാവത്തിന് നിങ്ങൾ ദൈവത്താൽ ശിക്ഷിക്കപ്പെടുകയും ചെയ്യും. പാപത്തിന് ദൈവം അവനെ ശിക്ഷിക്കുകയും നിങ്ങളുടെ പ്രതികാര-മനോഭാവത്തിന് നിങ്ങളെ ശിക്ഷിക്കുകയും ചെയ്യും. കൗരവർ ചെയ്ത അനീതിക്ക് ഇരയായ ദ്രൗപതിയാണ് ഏറ്റവും നല്ല ഉദാഹരണം. കൗരവർ അവളുടെ സാരി വലിച്ച് രാജസദസ്സിൽ വെച്ച് നഗ്നയാക്കാൻ ശ്രമിച്ചു. കൗരവർ പാപികളും ദ്രൗപതി ഇരയുമാണ്. കൗരവരെ ശിക്ഷിക്കാൻ ഭഗവാൻ കൃഷ്ണൻ തീരുമാനിച്ചു. പക്ഷേ, അതിനിടയിൽ, ദ്രൗപതി കൗരവരോട് വളരെ പ്രതികാര-മനോഭാവം കാണിച്ചു. അവൾ എപ്പോഴും കരഞ്ഞുകൊണ്ട് പ്രതികാരം ചെയ്യാൻ ഭർത്താക്കന്മാരെ പ്രേരിപ്പിച്ചു. അവർ ദുശ്ശാസനനെ കൊന്ന് അവൻ്റെ രക്തം കൊണ്ടുവന്നില്ലെങ്കിൽ, തൻ്റെ മുടി കെട്ടുകയില്ലെന്ന് അവൾ പറഞ്ഞു. കൗരവർ ചെയ്ത പാപങ്ങൾ കാരണം, അർജ്ജുനനും മറ്റ് പാണ്ഡവരും നാമമാത്രമായി യുദ്ധത്തിൽ പങ്കെടുത്തെങ്കിലും കൗരവരെ ഭഗവാൻ കൃഷ്ണൻ വധിച്ചു. ദ്രൗപതി കാണിച്ച പ്രതികാര മനോഭാവം കാരണം, യുദ്ധത്തിൻ്റെ അവസാന ദിവസം ദ്രൗപതിയുടെ അഞ്ച് പുത്രന്മാരും കൊല്ലപ്പെട്ടു. ഇപ്പോൾ യുദ്ധം ജയിച്ചിട്ട് എന്ത് പ്രയോജനം? തൻ്റെ പുത്രന്മാർ രാജാക്കന്മാരായിരുന്നെങ്കിൽ മാത്രമേ ദ്രൌപദി വിജയം ആസ്വദിക്കുമായിരുന്നുള്ളൂ. ദ്രൗപതിയുടെ ഒരു പുത്രനും രാജാവാകാത്തതിനാൽ രാജ്യം നേടുന്നത് അവൾക്ക് ഒരു അർത്ഥവും നൽകുന്നില്ല. അതിനാൽ, ഇത് ഒരു പ്രതികാര കേസാണെങ്കിൽ, അതിനർത്ഥം നിങ്ങൾ മുൻ ജന്മത്തിൽ അവനെ വഞ്ചിച്ചുവെന്നും ഇപ്പോൾ അവൻ നിങ്ങളെ വഞ്ചിച്ചുവെന്നും ആണെങ്കിൽ, കുറ്റവാളിയ്ക്ക് ഒരു ശിക്ഷയും ലഭിക്കില്ല.
മുൻ ജന്മത്തിൽ നിങ്ങൾ അവനെ ചതിച്ചിട്ടില്ലെങ്കിലും ഇപ്പോൾ അവൻ നിങ്ങളെ ചതിച്ചു എന്നർത്ഥം വരുന്ന ഒരു പുതിയ കേസ് ആണെങ്കിൽ, നിങ്ങളുടെ ശത്രുവിനോട് പ്രതികാര മനോഭാവം കാണിക്കരുത്. തനിക്ക് നീതിയായി തോന്നുന്നതെന്തും ചെയ്യാൻ ദൈവത്തോട് പ്രാർത്ഥിക്കുകയും എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുകയും ചെയ്യുക. അപ്പോൾ, നിങ്ങളുടെ നഷ്ടത്തിന് ദൈവം നിങ്ങൾക്ക് നഷ്ടപരിഹാരം നൽകും, ദൈവം അവരെ ശിക്ഷിക്കുകയും ചെയ്യും. പക്ഷേ, ദൈവം അവരെ ശിക്ഷിക്കുന്നത് പ്രതികാരത്തിനല്ല, മറിച്ച് അവരുടെ നവീകരണത്തിനാണ്. ശിക്ഷയുടെ ലക്ഷ്യം ആത്മാവിൻ്റെ നവീകരണം മാത്രമാണ്. മാത്രമല്ല, അവൻ ശിക്ഷിക്കപ്പെടുകയും നിങ്ങളുടെ നഷ്ടം ദൈവം നികത്തുകയും ചെയ്യുന്നില്ലെങ്കിൽ, കുറ്റവാളികളെ ശിക്ഷിച്ചിട്ട് എന്ത് പ്രയോജനം? നിങ്ങൾക്ക് എന്ത് നഷ്ടപരിഹാരം ആണ് ലഭിച്ചത്?. അതിനാൽ, നിങ്ങളുടെ ശത്രുവിനെ ശിക്ഷിക്കുന്നതിലൂടെ നിങ്ങൾക്ക് ഒരു നഷ്ടപരിഹാരവും ലഭിക്കില്ല. അതിനാൽ, നിങ്ങളുടെ ശത്രുവിനെ ശിക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുത്, എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുക. നിങ്ങൾ ഒരു പ്രതികാര മനോഭാവവും കാണിക്കാത്തതിനാൽ ദൈവം നിങ്ങളുടെ ശത്രുവിനെ ശിക്ഷിക്കുകയും നിങ്ങളുടെ നഷ്ടം നികത്തുകയും ചെയ്യും. അതാണ് യഥാർത്ഥ നേട്ടം.
ജ്ഞാനികളായ ആളുകൾക്ക് ഒരിക്കലും പ്രതികാര മനോഭാവം ഉണ്ടാകില്ല, എല്ലാം ദൈവത്തിൻ്റെ കൈകളിൽ ഏൽപ്പിച്ച് നിശബ്ദത പാലിക്കുന്നു "ഇത് അങ്ങയുടെ ഭരണമാണ്. അങ്ങേയ്ക്കു ചെയ്യാൻ ഇഷ്ടമുള്ളതെന്തും ചെയ്യുക." ഇതാണ് യഥാർത്ഥ ജ്ഞാനം. എല്ലായിടത്തും നടക്കുന്നത് ദൈവത്തിൻ്റെ ഭരണമാണ്, ഈ സർക്കാരുകളുടെ ഭരണമല്ല. ഇവയെല്ലാം ഉപരിപ്ലവമായ ഗവൺമെൻ്റുകളാണ്, എന്നാൽ യഥാർത്ഥ അന്തിമ വിധി ദൈവമാണ് നൽകുന്നത്. ഗവൺമെൻ്റുകൾ പോലും ദൈവത്തിൻ്റെ വിധിയാൽ നിയന്ത്രിക്കപ്പെടുന്നു.
ദൈവം ഒരു കേസ് തിരിച്ചടി കേസായി തീരുമാനിക്കുകയാണെങ്കിൽ, ഒരു സർക്കാരിനും ആ കുറ്റവാളിയെ പിടികൂടി ജയിലിൽ അടയ്ക്കാൻ കഴിയില്ല. ദൈവം ഒരു കേസ് പുതിയ കേസായി തീരുമാനിക്കുകയും കുറ്റവാളിയെ ശിക്ഷിക്കാൻ ഉത്തരവിടുകയും ചെയ്താൽ, കുറ്റവാളി സർക്കാരിൽ നിന്ന് രക്ഷപ്പെട്ടാലും അയാൾക്ക് കഠിനമായ ശിക്ഷ ലഭിക്കും. ദൈവത്തിൻ്റെ ന്യായവിധിയാണ് ഏറ്റവും മികച്ചത്, അത് മാത്രമാണ് നിലനിൽക്കുന്നത്. ബൈബിളിൽ, "ദൈവരാജ്യം വരുന്നു, അത് ഇതിനകം തന്നെ നമ്മുടെ ഇടയിൽ ഉണ്ട്" എന്നും ഭഗവാൻ യേശുവും പറഞ്ഞു, അതായത് ദൈവത്തിൻ്റെ ഗവൺമെൻ്റ് എപ്പോഴും സുസ്ഥിരമാണെന്നും ദൈവഹിതത്തിൽ അധിഷ്ഠിതമായ നീതി മാത്രമേ ഈ ലോകത്ത് നിലനിൽക്കുന്നുള്ളൂ എന്നും അർത്ഥമാക്കുന്നു. നിങ്ങൾ എല്ലാം ദൈവത്തിന് വിട്ടുകൊടുത്താൽ, ദൈവം പാപിയെ അവൻ്റെ നവീകരണത്തിന് മാത്രമേ ശിക്ഷിക്കുകയുള്ളൂ, പ്രതികാരത്തിനല്ല. ദൈവത്തിൻ്റെ ഭരണത്തിൽ നിങ്ങൾ ഇടപെടുന്നില്ലെങ്കിൽ, പാപിക്ക് ശിക്ഷ ലഭിക്കും. പക്ഷേ, നിങ്ങൾ ശകാരിക്കുകയും പ്രതികാരത്തോടെ കരയുകയും ചെയ്താൽ, പാപിക്ക് ശിക്ഷ ലഭിക്കില്ല, നിങ്ങളുടെ ശകാരങ്ങളുടെയും ഇടപെടലുകളുടെയും അടിസ്ഥാനത്തിൽ അവൻ്റെ ശിക്ഷ ദൈവം റദ്ദാക്കും. നിങ്ങൾ ഇടപെടുന്നില്ലെങ്കിൽ, ദൈവം കേസ് പൂർണ്ണമായും കൈകാര്യം ചെയ്യും. പക്ഷേ, ദൈവത്തിൻ്റെ ശിക്ഷയിൽ കാലതാമസം ഉണ്ടാകും, കാരണം ആ പാപം ചെയ്യാനുള്ള അവൻ്റെ/അവളുടെ മനോഭാവം മാറ്റാൻ ദയയുള്ള ദൈവം എപ്പോഴും കുറച്ച് സമയം പാപിക്ക് നൽകുന്നു. അവൻ/അവൾ മാറിയില്ലെങ്കിൽ, ആത്മാവിനെ മാറ്റാൻ ദൈവം ശിക്ഷിക്കും.
ദ്രോണപർവ്വത്തിൽ അർജ്ജുനൻ വ്യാസനോട് ചോദിക്കുന്നു "അല്ലയോ മുത്തച്ഛാ! ഞാൻ യുദ്ധം ചെയ്യുമ്പോൾ, ഞാൻ ശത്രുക്കളുടെ നേരെ അസ്ത്രങ്ങൾ എയ്തു, പക്ഷേ എൻ്റെ അസ്ത്രങ്ങൾ ശത്രുക്കളിൽ എത്തുന്നതിന് മുമ്പുതന്നെ അവർ മരിച്ചു വീഴുകയായിരുന്നു. എന്റെ മുമ്പിൽ വച്ച് ത്രിശൂലം കൊണ്ട് എന്റെ ശത്രുക്കളെ കൊല്ലുന്ന ഒരു മഹാനായ വ്യക്തിത്വത്തെ ഞാൻ കണ്ടു. ഒരിക്കൽ ശത്രു മരിച്ചാൽ എൻ്റെ അസ്ത്രം ശത്രുവിൻ്റെ ദേഹത്ത് പതിക്കുന്നു. ഈ മഹാനായ വ്യക്തിത്വം ആരാണെന്ന് എനിക്ക് അറിയണം”. തുടർന്ന് വ്യാസൻ പറയുന്നു “മഹാനായ വ്യക്തി മറ്റാരുമല്ല, ഭഗവാൻ ശിവനാണ്. നിങ്ങൾ പശുപതാസ്ത്രത്തിനായി തപസ്സുചെയ്തതിനാൽ, അവൻ നിങ്ങൾക്ക് പശുപതാസ്ത്രം നൽകി അനുഗ്രഹിക്കുകയും, അവൻ രുദ്രനായതിനാൽ നിങ്ങളുടെ ശത്രുക്കളെ ദിവസവും കൊല്ലുകയും ചെയ്തു”. അതിനാൽ, ദൈവം എപ്പോഴും പാപികളെ ശിക്ഷിക്കുന്നു, ദൈവം അവരെ ശിക്ഷിച്ചതിൽ നാം സന്തോഷിക്കേണ്ടതില്ല.
4. അങ്ങയുടെ പതിനാറ് അവതാരങ്ങൾ ഏതൊക്കെയാണ്?
[ശ്രീ സത്തി റെഡ്ഡി ചോദിച്ചു: - മീ പാദ പത്മലാക്കു നമസ്കാരം സ്വാമിജി!
ഗുരുർബ്രഹ്മ ഗുരുർവിഷ്ണുർ ഗുരുദേവോ മഹേശ്വരഃ ।
ഗുരുഃ സാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീഗുരവേ നമഃ॥
ഗുരു ദത്ത ശ്രീ ദത്ത പ്രഭു ദത്ത!
സ്വാമി, അങ്ങ് ശോദശാവതാരങ്ങളായി അവതരിച്ചു എന്നതാണ് ചോദ്യം. അവർ എന്താണ്?]
സ്വാമി മറുപടി പറഞ്ഞു:- ഞാൻ അവതാരമെടുത്തിട്ടില്ല, എൻ്റെ ഉള്ളിലുള്ള ദത്ത ഭഗവാനാണ് ആ അവതാരങ്ങൾ എടുത്തത്. ഈ കാവി വസ്ത്രത്തിൽ ഞാൻ അവതാരമെടുത്തന്നേയുള്ളൂ. അതിനുമുമ്പ് ഒരു എഞ്ചിനീയറിംഗ് കോളേജിൽ പ്രൊഫസറായി ജോലി ചെയ്യുമ്പോൾ ഞാൻ പാൻ്റും ഷർട്ടും ധരിച്ചിരുന്നു. അതിനു ശേഷം ഞാൻ ഈ കാവി വസ്ത്രം ധരിച്ച് ഇപ്പോൾ ഈ അവതാരമെടുത്തു.
5. ഒരു വേശ്യയെ ദൈവത്തിന്റെ അവതാരം പോലെയുള്ള പഞ്ചസാരയുമായി താരതമ്യം ചെയ്യാൻ കഴിയുമോ?
[സ്വാമിജി, ദൈവത്തിൻ്റെ മനുഷ്യാവതാരത്തെ പഞ്ചസാരയോടും ഭക്തനെ ഉറുമ്പിനോടും ഉപമിക്കുന്നു- രാമകൃഷ്ണ പരമഹംസർ പറഞ്ഞതുപോലെ. മറ്റൊരു സന്ദർഭത്തിൽ, ഒരു വേശ്യയെപ്പോലും പഞ്ചസാരയുമായി താരതമ്യപ്പെടുത്താമോ?]
സ്വാമി മറുപടി പറഞ്ഞു:- ഒരു വേശ്യ എങ്ങനെ പഞ്ചസാരയാകും? പഞ്ചസാരയായ വേശ്യയെ ഉറുമ്പുകൾ ഭക്ഷിച്ചാൽ, ഉറുമ്പുകൾക്ക് പോലും സിഫിലിസ്, ഗൊണോറിയ, തുടങ്ങിയ ലൈംഗികരോഗങ്ങൾ പിടിപെടും!
6. അവൾ സമ്പാദിച്ച പണം പ്രായോഗികമായി ദൈവത്തിന് ബലിയർപ്പിച്ച് ഒരു വേശ്യയ്ക്ക് മോചനം ലഭിക്കുമോ?
[മുൻ ജന്മങ്ങളിൽ മുനിമാരായിരുന്ന ഗോപികമാർ തങ്ങളുടെ ശരീരം ഭഗവാൻ കൃഷ്ണനു സമർപ്പിച്ചു, ഇതാണ് നിവൃത്തി. ഒരു വേശ്യയും പാട്ടുകൾ പാടുന്നു, നല്ല വാക്കുകൾ സംസാരിക്കുന്നു, ഉപഭോക്താവിന് അവളുടെ ശരീരം സമർപ്പിക്കുന്നു. വേശ്യ ലൗകിക വേശ്യാവൃത്തിയിൽ തുടരുകയും വേശ്യാവൃത്തിയിലൂടെ സമ്പാദിക്കുന്ന പണം ദൈവത്തിന് പ്രായോഗിക ത്യാഗമായി (കർമ ഫല ത്യാഗം) നൽകുകയും ചെയ്താൽ, വേശ്യാവൃത്തിയുടെ പാതയിൽ തങ്ങിനിൽക്കുന്ന അവൾക്ക് മോചനം ലഭിക്കുമോ?]
സ്വാമി മറുപടി പറഞ്ഞു:- ഒരു പഴയ പഴഞ്ചൊല്ലുണ്ട്, "ഒരാൾ ഒരു കാളയെ കൊന്നു, താൻ ഒരു തെറ്റ് ചെയ്തുവെന്ന് തോന്നി. അതിനാൽ, അദ്ദേഹം കാളയുടെ തൊലി ഉരിയുകയും ആ തൊലി കൊണ്ട് ചെരിപ്പുകൾ തുന്നി ഒരു ബ്രാഹ്മണന് സംഭാവന ചെയ്യുകയും ചെയ്തു". പാപം ഇല്ലാതാകുമോ? ഇല്ല. വേശ്യാവൃത്തി അനീതിയും പാപവുമാണ്. നിങ്ങൾക്ക് പാപങ്ങൾ ചെയ്തുകൊണ്ട് സമ്പത്ത് സമ്പാദിക്കാനും 'കർമ്മഫല ത്യാഗ' ത്തിന്റെ പേരിൽ ആ പാപസമ്പത്ത് ദൈവത്തിന് സംഭാവന ചെയ്തുകൊണ്ട് പാപത്തിൽ നിന്ന് രക്ഷപ്പെടാനും കഴിയില്ല.
ദൈവം ഒരു 'പാപാല ഭൈരവ' ആണോ? പാപപരമായ വഴികളിലൂടെ സമ്പാദിക്കുകയും വിമോചനത്തിനായി ദൈവത്തിന് പ്രായോഗിക ത്യാഗം ചെയ്യുകയും ചെയ്യുന്നത്- അത് അങ്ങനെ ഈ വിധത്തിൽ നടക്കില്ല!. പ്രവൃത്തിയിലോ ലൗകിക ജീവിതത്തിലോ പാപങ്ങൾ ചെയ്യാതെ നീതിയിലൂടെ പണം സമ്പാദിക്കണം. നീതി പാലിക്കുന്നതിലൂടെ പണം സമ്പാദിക്കുന്നത് കുടുംബത്തിലെ വരും തലമുറകളെ ഉന്നമിപ്പിക്കാൻ സഹായിക്കും, കൂടാതെ എല്ലാ പിൻഗാമികളും ദൈവകൃപയാൽ ജീവിതത്തിൽ അഭിവൃദ്ധി പ്രാപിക്കും.
അനീതിയിൽ നിന്ന് ലഭിക്കുന്ന പണം കുടുംബത്തിലെ ഭാവി തലമുറയെ നശിപ്പിക്കും (അന്യായാര്ജിതം വിത്തം സഹ മൂലം വിനശ്യതി). നിങ്ങൾ 10/- രൂപ നിയമപരമായ മാർഗത്തിലൂടെയും 0.25/- രൂപ നിയമവിരുദ്ധ മാർഗത്തിലൂടെയും സമ്പാദിച്ചുവെന്ന് കരുതുക. ഇപ്പോൾ, ഈ അന്യായമായ 25 പൈസ റെയിൽവേ പ്ലാറ്റ്ഫോമിലെ കമ്പാർട്ടുമെന്റുകളുമായി ബന്ധിപ്പിക്കുന്ന റെയിൽവേ എഞ്ചിൻ പോലെ ന്യായമായ 10 രൂപയുമായി ബന്ധിക്കപ്പെടും. എഞ്ചിൻ എല്ലാ കമ്പാർട്ടുമെന്റുകളെയും വലിച്ചിഴക്കുന്നതുപോലെ, അന്യായമായ സമ്പത്ത് ന്യായീകരിക്കപ്പെട്ട സമ്പത്തിനെയും നാശത്തിലേക്ക് വലിച്ചിടും. നിയമവിരുദ്ധമായി സമ്പാദിച്ച പണം, 25 പൈസ, നിയമപരമായി സമ്പാദിച്ച പണമായ 10 രൂപ യുമായി കൂട്ടിച്ചേർക്കപ്പെടുകയും നിങ്ങൾക്ക് മൊത്തം 10.25/- രൂപ നഷ്ടപ്പെടുകയും ചെയ്യും. ഇതുമൂലം നിയമവിരുദ്ധമായി സമ്പാദിച്ച 25 പൈസയും (അന്യാര്ജിതം വിത്തം) നിയമപരമായി സമ്പാദിച്ച 10 രൂപയും നഷ്ടപ്പെടും (സഹ മൂലം വിനശ്യതി).
നിങ്ങൾ എന്തിനാണ് പണം സമ്പാദിക്കുന്നത്? നിങ്ങളുടെ മക്കളെയും കൊച്ചുമക്കളെയും കൊച്ചുകൊച്ചുമക്കളെയും രക്ഷിക്കാൻ വേണ്ടി മാത്രം. അവരെ ജീവിതത്തിൽ സെറ്റിൽ ചെയ്തു സന്തോഷത്തോടെ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. എല്ലാവരും സമ്പത്ത് സമ്പാദിക്കുന്നത് അവരുടെ ഭാവി തലമുറയ്ക്ക് വേണ്ടി മാത്രമാണ്. എന്നാൽ അനധികൃതമായി സമ്പാദിക്കുന്ന പണം അവരുടെ മക്കളും കൊച്ചുമക്കളും സേവ് ചെയ്ത് ഉപയോഗിക്കുന്നതിനാൽ, അത് എല്ലാ ഭാവി തലമുറകളെയും നശിപ്പിക്കും. നിയമവിരുദ്ധമായി സമ്പാദിച്ച ഈ സമ്പത്ത് കുടുംബത്തോടൊപ്പം നിലനിൽക്കുകയും ഭാവി തലമുറകളിലേക്ക് മാറ്റപ്പെടുകയും ചെയ്യുന്നിടത്തോളം, അത് വരെയുള്ള എല്ലാ ഭാവി തലമുറകളും നശിപ്പിക്കപ്പെടും. ന്യായമായ രീതിയിൽ പണം നിയമപരമായി സമ്പാദിക്കുമ്പോൾ ഇത് സംഭവിക്കില്ല. കുടുംബം നീതി പാലിക്കുമ്പോൾ, ദൈവം അവരുടെ ഭാവി തലമുറകളെ നല്ല കഴിവുകൾ നൽകി അനുഗ്രഹിക്കും, അവർ ജീവിതത്തിൽ അഭിവൃദ്ധി പ്രാപിക്കും. അനധികൃതമായി സമ്പാദിച്ച പണം സുന്ദരിയായ ഒരു വേശ്യയോടുള്ള ആകർഷണം പോലെയാണ്. സമ്പർക്കം പുലർത്തിയതിനു ശേഷം അസുഖങ്ങൾ പിടിപെടും. അതുപോലെ, അനധികൃതമായി സമ്പാദിച്ച പണം നിങ്ങളെ ആകർഷിക്കും. എന്നാൽ നിങ്ങൾ അത് ആസ്വദിക്കാൻ ശ്രമിക്കുമ്പോൾ അത് നിങ്ങളെ നശിപ്പിക്കും. നിങ്ങൾ മാത്രമല്ല, നിങ്ങളുടെ കുട്ടികളും എല്ലാ ഭാവി തലമുറകളും നശിപ്പിക്കപ്പെടും, കാരണം അവർ അനധികൃതമായി സമ്പാദിച്ച പണം ആസ്വദിക്കും. അനധികൃത പണം ആസ്വദിക്കുന്ന എല്ലാവരും നശിപ്പിക്കപ്പെടും. അതിനാൽ, നിങ്ങൾ അനധികൃതമായി സമ്പത്ത് സമ്പാദിക്കരുത്. നിങ്ങൾ ഇതിനകം നിയമവിരുദ്ധമായ രീതിയിൽ സമ്പാദിച്ചിട്ടുണ്ടെങ്കിൽ, ദൈവത്തിൽ നിന്ന് സംരക്ഷണം ലഭിക്കാൻ ഒരേയൊരു മാർഗമേയുള്ളൂ. ഒന്നാമതായി, നിങ്ങൾ എല്ലാ പാപകരമായ സമ്പത്തും ദൈവത്തിന് ദാനം ചെയ്യുക, നിങ്ങളുടെ പാപങ്ങളിൽ പശ്ചാത്തപിക്കുക, നിങ്ങളുടെ ജീവിതകാലം മുഴുവൻ പാപം ആവർത്തിക്കാതിരിക്കുക.
പാപത്തിൻ്റെ തിരിച്ചറിവ് (റിയലൈസേഷൻ), പശ്ചാത്താപം, ആവർത്തിക്കാതിരിക്കൽ എന്നീ മൂന്ന് ഘട്ടങ്ങൾ ഒരുമിച്ച് ചേരുമ്പോഴാണ് സമ്പൂർണ്ണ നവീകരണം ഉണ്ടാകുന്നത്. ഇത് പാപമാണെന്ന് നിങ്ങൾ മനസ്സിലാക്കുമ്പോൾ - അതിനെ തിരിച്ചറിവ് എന്ന് വിളിക്കുന്നു. ഈ പാപം ചെയ്തതിൽ നിങ്ങൾക്ക് സങ്കടം തോന്നിയപ്പോൾ - അതിനെ പശ്ചാത്താപം എന്ന് വിളിക്കുന്നു. നിങ്ങൾ ഈ പാപം ആവർത്തിക്കാതിരിക്കുമ്പോൾ - അതിനെ പാപത്തിൻ്റെ ആവർത്തിക്കാതിരിക്കൽ എന്ന് വിളിക്കുന്നു. അപ്പോൾ, ഈ പാപവും നിയമവിരുദ്ധമായ സമ്പാദ്യവുമായി ബന്ധപ്പെട്ട എല്ലാത്തരം പാപങ്ങളും റദ്ദാക്കപ്പെടും. ചില ആളുകൾ തിരിച്ചറിവിൻ്റെയും പശ്ചാത്താപത്തിൻ്റെയും ആദ്യ രണ്ട് ഘട്ടങ്ങൾ മാത്രമേ പിന്തുടരുന്നുള്ളൂ, എന്നാൽ പാപം ആവർത്തിക്കാതിരിക്കുന്നത് പിന്തുടരുന്നില്ല.
രാവിലെ അവർ ദൈവത്തോട് മാപ്പ് ചോദിക്കുകയും തലേ ദിവസം ചെയ്ത തെറ്റുകൾ ഏറ്റുപറയുകയും ചെയ്യും. വീണ്ടും, അവർ പകൽ സമയത്ത് അതേ തെറ്റുകൾ ആവർത്തിക്കുന്നു. വൈകുന്നേരം അവർ വീണ്ടും അനുതപിക്കുകയും ദൈവത്തോട് മാപ്പ് പറയുകയും ചെയ്യും. ഇത് നടപ്പിലുള്ള കാര്യമല്ല, ഇത് ദിവസേന അടുക്കള വൃത്തിയാക്കുന്നത് പോലെയാണ്, പക്ഷേ പാചകം ചെയ്തതിന് ശേഷം ഇത് എല്ലായ്പ്പോഴും വൃത്തികേടായി മാറുന്നു. ദൈവസന്നിധിയിൽ പശ്ചാത്തപിച്ച് അവർ പാപമില്ലാത്തവരായി മാറിയെന്ന് അവർ അനുമാനിക്കുകയും ദിവസേന തെറ്റുകൾ ആവർത്തിക്കുകയും ചെയ്യുന്നു. തങ്ങൾ ദൈവത്തെ കബളിപ്പിക്കുകയാണെന്ന് അവർ കരുതുന്നു, എന്നാൽ യഥാർത്ഥത്തിൽ അവർ സ്വയം വിഡ്ഢികളാകുന്നു. ‘പാപം ആവർത്തിക്കാതിരിക്കുക’ എന്ന 3-ാമത്തെ പ്രധാന ഘട്ടം പിന്തുടരാതെ, പാപത്തിൻ്റെ ശിക്ഷകൾ ദൈവം റദ്ദാക്കുകയില്ല. പാപത്തിൻ്റെ തിരിച്ചറിവ്, പശ്ചാത്താപം, ആവർത്തിക്കാതിരിക്കൽ എന്നീ മൂന്ന് ഘട്ടങ്ങളും പാലിക്കണം. പാപത്തെക്കുറിച്ച് പഠിക്കുന്നത് ജ്ഞാനയോഗമാണ്. പാപം ചെയ്തതിൽ കുറ്റബോധവും സങ്കടവും തോന്നുന്നത് ഭക്തിയോഗമാണ്. ഭാവിയിൽ പാപം ആവർത്തിക്കാതിരിക്കുന്നതാണ് കർമ്മയോഗം. ഒരു തരത്തിലുള്ള പാപങ്ങൾ മാത്രമേ ഇതിലൂടെ റദ്ദാക്കപ്പെടുകയുള്ളൂ എന്ന് ഓർക്കുക, അതായത് മുമ്പേ ചെയ്ത പാപപൂർണമായ സമ്പാദനവുമായി (ഒരു തരം) ബന്ധപ്പെട്ട എല്ലാ പാപങ്ങളും ഈ മൂന്ന് ഘട്ടങ്ങൾ പിന്തുടർന്ന് റദ്ദാക്കപ്പെടും. ദൈവം മനുഷ്യർക്ക് നൽകിയ ഏറ്റവും നല്ല മാർഗമാണിത്.
ഇവിടെ പരാമർശിക്കേണ്ട ഒരു കുറിപ്പ്, എല്ലാ പാപങ്ങളും റദ്ദാക്കപ്പെടില്ല, എന്നാൽ പാപത്തിൻ്റെ തിരിച്ചറിവ്, പശ്ചാത്താപം, ആവർത്തിക്കാതിരിക്കൽ എന്നീ മൂന്ന് ഘട്ടങ്ങൾ പിന്തുടർന്ന് അത്തരത്തിലുള്ള പാപം (നിയമവിരുദ്ധമായ സമ്പാദ്യം) മാത്രമേ റദ്ദാക്കപ്പെടുകയുള്ളൂ. നിങ്ങൾ മോഷണം നടത്തിയെന്ന് കരുതുക, അത് തെറ്റാണെന്ന് നിങ്ങൾ മനസ്സിലാക്കി. ഭാവിയിൽ നിങ്ങൾ ഈ പാപം ആവർത്തിക്കുന്നില്ലെങ്കിൽ, ഭാവിയിലെ എല്ലാ ജന്മങ്ങളിൽ നിന്നും മോഷണവുമായി ബന്ധപ്പെട്ട എല്ലാ പാപങ്ങളും ദൈവം ഇല്ലാതാക്കും. പക്ഷേ, മറ്റ് തരത്തിലുള്ള പാപങ്ങൾ റദ്ദാക്കപ്പെടില്ല. എല്ലാത്തരം പാപങ്ങൾക്കും (ജ്ഞാനാഗ്നിഃ സർവ-കർമാണി ഭസ്മ-സത് കുരുതേ തഥാ-ഗീത) ശിക്ഷ ഒഴിവാക്കാൻ എല്ലാത്തരം പാപങ്ങളും നിങ്ങൾ തിരിച്ചറിയുകയും അനുതപിക്കുകയും ആവർത്തിക്കാതിരിക്കുകയും വേണം. നിങ്ങൾ ജീവിതത്തിൽ വീണ്ടും പാപം ആവർത്തിക്കാതിരിക്കുമ്പോൾ, മാത്രമേ മുഴുവൻ പ്രക്രിയയും പൂർത്തിയാവുകയോള്ളൂ. പക്ഷേ, മിക്ക ആളുകളും ദൈവമുമ്പാകെ തിരിച്ചറിയുകയും അനുതപിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു, പക്ഷേ പാപം ആവർത്തിക്കാതിരിക്കുക എന്ന സുപ്രധാന ഘട്ടം പിന്തുടരുന്നില്ല.
ഏതുതരം പാപത്തിനും ശിക്ഷ നൽകാനുള്ള ദൈവത്തിൻറെ ഏക ലക്ഷ്യം ആത്മാവിൻറെ നവീകരണമാണ്, അത് വീണ്ടും പാപം ആവർത്തിക്കാതിരിക്കുക എന്നതാണ്. പാപത്തിൻ്റെ തിരിച്ചറിവ്, പശ്ചാത്താപം, ആവർത്തിക്കാതിരിക്കൽ എന്നീ ഈ മൂന്ന് ഘട്ടങ്ങളുടെ പിന്നിലെ യുക്തി ഇതാണ്. ശിക്ഷ നവീകരണത്തിന് മാത്രമുള്ളതാണ്, ശിക്ഷ പ്രതികാരത്തിനുള്ളതല്ല. ലോകത്തിൽ പോലും, ഒരാൾ മറ്റൊരാളെ കൊന്നാൽ, മറ്റൊരാളെ കൊല്ലാതിരിക്കാൻ നീതി പ്രകാരം അയാൾക്ക് ജീവപര്യന്തം ശിക്ഷ നൽകുന്നു. ഈ വ്യക്തി കുറ്റസമ്മതം നടത്തുകയും വീണ്ടും കൊലപാതക പാപം ആവർത്തിക്കാതിരിക്കുകയും ചെയ്താൽ ജീവപര്യന്തം ശിക്ഷ ആവശ്യമില്ലെന്ന് കരുതുക. അതുകൊണ്ട് ശിക്ഷയുടെ യുക്തി നവീകരണത്തിന് മാത്രമാണ്.
7. ദൈവത്തിനു വേണ്ടി പ്രവർത്തിക്കുമ്പോൾ ഞാൻ അഭിമുഖീകരിക്കേണ്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദയവായി വിശദീകരിക്കുക.
[ശ്രീ സൗമ്യദീപ് മൊണ്ടൽ ചോദിച്ചു:- പാദനമസ്കാരം സ്വാമിജി! ഈ ശുഭകരമായ ഗുരുപൂർണിമ ദിനത്തിൽ, അങ്ങയുടെ ദിവ്യമായ കമല പാദങ്ങൾക്ക് ഞാൻ ആത്മാർത്ഥമായ നന്ദിയും സമ്പൂർണ്ണ പ്രണാമവും അർപ്പിക്കുന്നു. എൻ്റെ ദുർബ്ബലവും അസ്വസ്ഥവുമായ മനസ്സിനെ കുറിച്ച് എൻ്റെ അഭ്യർത്ഥനയിൽ, "നിങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിൽ നിങ്ങൾ വിജയിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു" എന്ന് അങ്ങ് പറഞ്ഞു. എൻ്റെ മാനസികാരോഗ്യത്തിൻ്റെ എല്ലാ വശങ്ങളിലും അങ്ങയുടെ വാക്കുകൾ സത്യമായി. പിന്നീട് അടുത്തിടെ, എൻ്റെ മെച്ചപ്പെട്ട ആരോഗ്യനിലയെക്കുറിച്ചുള്ള എൻ്റെ അന്വേഷണത്തെക്കുറിച്ച്, "നിങ്ങൾ ജോലിയിൽ തുടരുമ്പോൾ നിങ്ങൾക്ക് എൻ്റെ മാർഗ്ഗനിർദ്ദേശം ലഭിക്കും" എന്ന് അങ്ങ് പറഞ്ഞു. പക്ഷേ, ശാശ്വതമായ ഒരു പരിഹാരമായ ദൈവത്തിൻ്റെ ദിശയിലേക്ക് പോകാനും ഞാൻ ആഗ്രഹിച്ചു, "ദൈവത്തിന് വേണ്ടി പ്രവർത്തിക്കുന്നതിൽ നിങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും" എന്നും അങ്ങ് പറഞ്ഞിട്ടുണ്ട്. എൻ്റെ ജീവിതത്തിൽ അങ്ങയോട് അടുത്ത് വരാൻ കഴിയുമെന്ന് തെളിയിക്കാൻ ഏതറ്റം വരെയും പോകാൻ ഞാൻ തയ്യാറാണ് എന്നതിനാൽ ദയവുചെയ്ത് ഇതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കുക - സ്വാമിജി.]
സ്വാമി മറുപടി പറഞ്ഞു:- വളരെ നല്ലത്! ഭഗവാൻ ദത്ത നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. നിങ്ങൾക്ക് ശരിയായ മാർഗ്ഗനിർദ്ദേശം ലഭിക്കും, നിങ്ങൾ വളരെയധികം ജോലി ചെയ്യേണ്ടതില്ല. നിങ്ങളുടെ ആരോഗ്യം അനുവദിക്കുന്നതുപ്രകാരം നിങ്ങൾക്ക് ഇത് ചെയ്യാം. നിങ്ങളുടെ കഴിവും ഊർജ്ജത്തിൻ്റെ പരിധിയും അനുസരിച്ച് ദൈവത്തെ സേവിക്കുക, അത് ദൈവത്തെ പ്രസാദിപ്പിക്കാൻ പര്യാപ്തമാണ്. ദൈവത്തിന് നമ്മളിൽ നിന്ന് ഒരു ജോലിയും ആവശ്യമില്ല, സ്വാമിക്ക് പ്രായോഗിക ജോലി ചെയ്യാനുള്ള നിങ്ങളുടെ താൽപ്പര്യം സ്വാമിയുടെ പരീക്ഷ മാത്രമാണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ, ആവശ്യമുള്ള വ്യക്തി തന്റെ നേട്ടത്തിനായി നിങ്ങളെ കൊണ്ട് കൂടുതൽ ജോലി എടുപ്പിക്കുകയും നിങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും. പക്ഷേ, സ്വാമിക്ക് അതിന്റെ ആവശ്യമില്ല, അതിനാൽ, ജോലി പൂർത്തിയാക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ എന്നറിയാൻ അവൻ ചില തടസ്സങ്ങൾ സൃഷ്ടിക്കുന്നു. നിങ്ങൾ സൈദ്ധാന്തികമായ ഭക്തിയിലാണോ അതോ പ്രായോഗിക ഭക്തിയിലാണോ എന്ന് മാത്രമാണ് ദൈവം പരീക്ഷിക്കുന്നത്. കൂടാതെ, പ്രാക്ടീസ് സിദ്ധാന്തത്തിൻ്റെ തെളിവാണ്, അത് ലൗകിക ജീവിതത്തിലായാലും ആത്മീയ ജീവിതത്തിലായാലും. പ്രായോഗിക ഭക്തിയാണ് സൈദ്ധാന്തിക ഭക്തിയുടെ തെളിവ്. പ്രായോഗിക ഭക്തിയില്ലാതെയുള്ള സൈദ്ധാന്തിക ഭക്തി തെറ്റായ സ്നേഹമാണ്, യഥാർത്ഥ സ്നേഹമല്ല. നിങ്ങൾ പ്രായോഗികമായി എന്തെങ്കിലും ത്യാഗം ചെയ്യുകയും പ്രായോഗികമായി എന്തെങ്കിലും സേവനം ചെയ്യുകയും ചെയ്തില്ലെങ്കിൽ, നിങ്ങളുടെ ഭക്തി വ്യാജമായി മാത്രമേ നിലനിൽക്കൂ. സേവനം എന്നാൽ കർമ്മ സംന്യാസം എന്ന് വിളിക്കുന്ന ശാരീരിക ഊർജ്ജ ത്യാഗം, ത്യാഗം എന്നാൽ കർമ്മ ഫല ത്യാഗം എന്ന് വിളിക്കപ്പെടുന്ന കർമ്മഫലത്തിൻ്റെ ത്യാഗം. ഇവ രണ്ടും ചേർന്ന് കർമ്മയോഗം എന്ന് വിളിക്കപ്പെടുന്നു, ഈ കർമ്മയോഗം ഭക്തിയോഗത്തിനുള്ള തെളിവാണ്.
ഭക്തിയോഗം സൈദ്ധാന്തിക ഭക്തിയും കർമ്മയോഗം പ്രായോഗിക ഭക്തിയും ആണ്. സൈദ്ധാന്തികമായ ഭക്തിയുടെ സത്യത്തിനുള്ള തെളിവാണ് പ്രായോഗിക ഭക്തി. കർമ്മയോഗം അല്ലെങ്കിൽ പ്രായോഗിക ഭക്തി നിങ്ങളുടെ ഭക്തി യഥാർത്ഥമാണോ മിഥ്യയാണോ എന്ന് തീരുമാനിക്കുന്നു. നിങ്ങൾ എത്രയോ പാട്ടുകൾ പാടിയേക്കാം, ദൈവത്തിനായി കണ്ണീർ പൊഴിച്ചേക്കാം. പ്രതികരണമെന്ന നിലയിൽ, ദൈവം നിങ്ങളുടെ മേൽ പാട്ടുകൾ പാടുകയും അവൻ നിങ്ങൾക്കായി കണ്ണുനീർ പൊഴിക്കുകയും ചെയ്യും. നിങ്ങൾക്ക് കൂടുതൽ മധുരമുള്ള ശബ്ദം ലഭിക്കുന്നതിനും നിങ്ങളുടെ കണ്ണുകളിൽ നിന്ന് കൂടുതൽ കണ്ണുനീർ ലഭിക്കുന്നതിനുമുള്ള ഒരു അനുഗ്രഹവും അവൻ നൽകും. സൈദ്ധാന്തിക ഭക്തിക്ക് സൈദ്ധാന്തികമായ അനുഗ്രഹങ്ങളും പ്രായോഗിക ഭക്തിക്ക് പ്രായോഗിക അനുഗ്രഹങ്ങളും ദൈവം നൽകുന്നു. ഇന്ത്യയിൽ, നമ്മൾ സൈദ്ധാന്തിക ഭക്തിയിൽ വളരെ ഉയർന്ന വിദഗ്ധരാണ്. ഒരിക്കൽ സ്വാമി വിവേകാനന്ദൻ ആകാശത്തേക്ക് നോക്കി ദൈവത്തോട് ചോദിച്ചു, "ഇത്രയധികം ഭക്തിയും ആത്മീയ ജ്ഞാനവും ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് എൻ്റെ രാജ്യം, ഇന്ത്യ ഇത്ര ദരിദ്രമായിരിക്കുന്നത്?". ചില ഭക്തർ എന്നോട് ഈ ചോദ്യം ചോദിച്ചു, ഞാൻ മറുപടി പറഞ്ഞു “അതെ, നമ്മുടെ ഇന്ത്യ ആത്മീയ ജ്ഞാനത്തിൽ (ജ്ഞാന യോഗം) വളരെ മികച്ചതാണ്. നമ്മുടെ ഭാരതീയർ സൈദ്ധാന്തിക ഭക്തിയിൽ (ഭക്തി യോഗം) വിദഗ്ധരാണ്, കാരണം നമ്മൾ ധാരാളം പാട്ടുകൾ പാടുകയും നിരവധി മന്ത്രങ്ങളും സ്തോത്രങ്ങളും ജപിക്കുകയും ചെയ്യുന്നു. പക്ഷേ, ഒരു പാവപ്പെട്ട മനുഷ്യന് നമ്മൾ ഒരു രൂപ പോലും നൽകില്ല, അതിനാൽ, പ്രായോഗിക ഭക്തിയിൽ ഇന്ത്യക്കാർ പൂജ്യമാണ്. വിദേശ രാജ്യങ്ങളിൽ അവർക്ക് ഏറ്റവും കുറഞ്ഞ ജ്ഞാന യോഗയും ഏറ്റവും കുറഞ്ഞ ഭക്തി യോഗയും ആണ് ഉള്ളത്. പക്ഷേ, അവർ ദൈവത്തിന്റെ നാമത്തിൽ ധാരാളം ദാനധർമ്മങ്ങൾ ചെയ്യുന്നു. ഇതിനെ ദൈവത്തോടുള്ള പ്രായോഗിക ഭക്തി എന്ന് വിളിക്കുന്നു. അതുകൊണ്ടാണ് അവർ സമ്പന്ന രാജ്യങ്ങളായി മാറിയതും, നമ്മുടെ രാജ്യം ഇപ്പോഴും ദരിദ്ര രാജ്യമായി മാറിയതും”. നാം മനസ്സിലൂടെയും വാക്കുകളിലൂടെയും ദൈവത്തോടുള്ള സൈദ്ധാന്തികമായ ഭക്തി പ്രകടിപ്പിക്കുന്നതിനാൽ, ദൈവം നമുക്ക് നൽകുന്നത് ബുദ്ധി, മധുരമായ ശബ്ദം മുതലായ സൈദ്ധാന്തികമായ അനുഗ്രഹങ്ങൾ മാത്രമാണ്. നാം ഏത് വിധത്തിൽ അവനെ സമീപിക്കുന്നുവോ, അവൻ നമ്മെ അതേ രീതിയിൽ സമീപിക്കുമെന്ന് ഗീതയിൽ പറഞ്ഞു(യേ യഥാ മാം പ്രപദ്യന്തേ താം സ്തഥൈവ ഭജാമ്യഹം).
വേദത്തിൽ പോലും, താൻ നമ്മുടെ കണ്ണാടി പ്രതിബിംബം മാത്രമാണെന്ന് ദൈവം പറഞ്ഞു (രൂപം രൂപം പ്രതിരൂപോ ബഭൂവ). നിങ്ങൾ സാമർത്ഥ്യം കാണിച്ചാൽ ഫലം നൽകുന്നതിൽ അവൻ വളരെയധികം സാമർത്ഥ്യം കാണിക്കും. നിങ്ങൾ നിഷ്ക്കളങ്കത്വം കാണിച്ചാൽ അവനും നിഷ്ക്കളങ്കത്വം കാണിക്കും.
അസുരനായ ഹിരണ്യകശിപു, രാവും പകലും, അകത്തോ പുറത്തോ, അബോധമുള്ളതോ അബോധമില്ലാത്തതോ ആയ ആയുധങ്ങൾ എന്നിങ്ങനെ ഒരു അവസ്ഥയിലും താൻ കൊല്ലപ്പെടരുതെന്ന് ആവശ്യപ്പെട്ടു. ദൈവം നരസിംഹമായി ഹിരണ്യകശിപുവിനെ ഒരു വ്യവസ്ഥയും ലംഘിക്കാതെ വധിച്ചു. അതാണ് ദൈവത്തിൻ്റെ ഏറ്റവും വലിയ ബുദ്ധി. വരം അനുസരിച്ച്, മനുഷ്യൻ, മൃഗം, ദേവൻ, അസുരൻ, ഗന്ധർവ്വൻ തുടങ്ങിയ ഒരു വംശത്തിൽപ്പെട്ട ആർക്കും അസുരനെ കൊല്ലാൻ കഴിയില്ല. മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹമായി ദൈവം വന്നു. അസുരനെ അകത്തോ പുറത്തോ കൊല്ലാൻ കഴിയില്ല. ദൈവം അവനെ കവാടത്തിൻ്റെ നടുവിൽ വെച്ചാണ് കൊന്നത്, അത് പുറമോ അകമോ അല്ല. അസുരനെ തറയിലോ ആകാശത്തിലോ കൊല്ലാൻ കഴിയില്ല. ദൈവം അവൻ്റെ ശരീരം തറയോ ആകാശമോ അല്ലാത്ത അവൻ്റെ മടിയിൽ വച്ചു. ദൈവം എത്രമാത്രം ബുദ്ധിമാനാണെന്ന് നിങ്ങൾക്ക് ഊഹിക്കാനാകുമോ? നിങ്ങൾക്ക് നിങ്ങളുടെ ബുദ്ധി മറ്റ് മനുഷ്യരോട് കാണിക്കാം, പക്ഷേ അത് ഒരിക്കലും ദൈവത്തിന് മുന്നിൽ കാണിക്കരുത്. നിങ്ങൾ ദൈവത്തിന്റെ മുൻപിൽ വരുമ്പോൾ ദയവായി നിങ്ങളുടെ ബുദ്ധിശക്തി അടയ്ക്കുക.
അവൻ ഗെയിമിൽ പ്രവേശിച്ചാൽ, നിങ്ങളുടെ വിലാസം എവിടെയും കാണില്ല! അതിനാൽ, അവനുമായി ഗെയിമുകൾ കളിക്കരുത്. അവനോട് നിഷ്കളങ്കനും സത്യസന്ധനും ആത്മാർത്ഥതയുള്ളവനുമായിരിക്കുക. നിങ്ങൾ സത്യസന്ധരാണെങ്കിൽ, നിങ്ങൾക്ക് അവനിൽ നിന്ന് ചില അനുഗ്രഹങ്ങൾ ലഭിക്കും. നിങ്ങൾ അതി ബുദ്ധി കാണിച്ചാൽ, നിങ്ങൾ തീർന്നുപോകും. ദാരിദ്ര്യത്തിൽ ആയിരുന്നപ്പോൾ മൂന്നുപിടി അവിൽ ദൈവത്തിന് നൽകിയിട്ടും പകരമായി തിരിച്ചൊന്നും ഒന്നും ചോദിക്കാതിരിക്കുകയും ചെയ്ത സുദാമയുടെ നിഷ്കളങ്കത നോക്കൂ. അവൻ തൻ്റെ വീട്ടിലേക്ക് മടങ്ങിപ്പോയപ്പോൾ, അവൻ്റെ വീട് ഒരു കൊട്ടാരമായി മാറി, ഭഗവാൻ കൃഷ്ണൻ അദ്ദേഹത്തിന് സങ്കൽപ്പിക്കാൻ കഴിയാത്ത സമ്പത്ത് നൽകി. വാസ്തവത്തിൽ, ദാരിദ്ര്യത്താൽ കഷ്ടപ്പെടുകയായിരുന്നു സുദാമ, അവൻ്റെ ഭാര്യ അവനെ എന്തെങ്കിലും ലഭിക്കാൻ ഭഗവാൻ കൃഷ്ണൻ്റെ അടുത്തേക്ക് അയച്ചു. പക്ഷേ, സുദാമ ഭഗവാൻ കൃഷ്ണനോട് ഒന്നും ചോദിച്ചില്ല. വാസ്തവത്തിൽ, ഭഗവാൻ കൃഷ്ണൻ അവനോട് തൻ്റെ കൊട്ടാരത്തിൽ നാല് ദിവസം താമസിക്കാൻ ആവശ്യപ്പെട്ടു. സുദാമ നാലു ദിവസം അവിടെ താമസിച്ചു മടങ്ങി. ഭഗവാൻ കൃഷ്ണൻ അവന്റെ പാദങ്ങൾ പോലും കഴുകി.
ഭഗവാൻ കൃഷ്ണൻ സുദാമയുടെ പാദങ്ങൾ കഴുകുമ്പോൾ അവൻ്റെ എട്ട് ഭാര്യമാരും വെള്ളം ഒഴിച്ചു. കാലുകൾ കഴുകുന്നതിനിടയിൽ, ഭഗവാൻ കൃഷ്ണൻ അവന്റെ കാലിൽ ഒരു മുള്ള് തറച്ചിരിക്കുന്നതായി കണ്ടു, സുദാമയ്ക്ക് അതിനെപ്പറ്റി യാതൊരു ബോധവുമില്ലായിരുന്നു. ഭഗവാൻ കൃഷ്ണൻ മുള്ള് പറിച്ചെടുത്ത് സുദാമയെ ഓർത്ത് കരയാൻ തുടങ്ങി. അപ്പോൾ മുതൽ, ഭഗവാൻ കൃഷ്ണന്റെ കണ്ണുനീർ കാലുകൾ കഴുകാൻ പര്യാപ്തമായതിനാൽ വെള്ളം ഒഴിക്കേണ്ട ആവശ്യമില്ലായിരുന്നു (നൈനോം കേ ജല് സേ പാഗ് ധോയേ). അങ്ങനെയുള്ള ഭഗവാൻ കൃഷ്ണൻ സുദാമ തൻ്റെ കൊട്ടാരം വിട്ടുപോകുമ്പോൾ ഒരു ചില്ലിക്കാശോ ഒരു ചെരിപ്പുപോലുമോ സുദാമയ്ക്ക് നൽകിയില്ല. സുദാമ നഗ്നപാദങ്ങളോടെ മാത്രം വീട്ടിലേക്ക് മടങ്ങാൻ തുടങ്ങി. സർവ്വശക്തനായതിനാൽ, ഭഗവാൻ കൃഷ്ണൻ അവന്റെ യാത്രയിലുടനീളം സുദാമയുടെ മനസ്സ് നിരീക്ഷിച്ചുകൊണ്ടിരുന്നു, "ഈ കൃഷ്ണൻ, ഇത്തരമൊരു വൃത്തികെട്ട മനുഷ്യൻ! എൻ്റെ കാലുകൾ കണ്ട് അവൻ കരഞ്ഞു, പക്ഷേ ഒരു രൂപ പോലും നൽകിയില്ല”. പക്ഷേ, സുദാമയ്ക്ക് ഭഗവാൻ കൃഷ്ണനെക്കുറിച്ച് ഒരു മോശം ചിന്തയും ഉണ്ടായിരുന്നില്ല. അവൻ്റെ വീട്ടിൽ എത്തും വരെ ആ വീട് അങ്ങനെ തന്നെ ആയിരുന്നു. ഭഗവാൻ കൃഷ്ണൻ അവൻ അവൻ്റെ വീട്ടിലെത്തുന്നതുവരെ അവസാന നിമിഷം വരെ കാത്തിരുന്നു. സുദാമ തന്നെ ശകാരിക്കില്ലെന്ന് ഭഗവാൻ കൃഷ്ണൻ ഉറപ്പിച്ചപ്പോൾ, അവൻ സുദാമയ്ക്ക് സങ്കൽപ്പിക്കാനാവാത്ത സമ്പത്ത് നൽകി അനുഗ്രഹിക്കുകയും അവൻ്റെ വീട് ഒരു വലിയ കൊട്ടാരമാക്കി മാറ്റുകയും ചെയ്തു.
8. ആരെങ്കിലും നമ്മളോട് അനീതി കാണിക്കുമ്പോൾ നമ്മൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകണോ അതോ അത് ദൈവത്തിന് വിട്ടുകൊടുക്കണോ?
[ശ്രീ കിഷോർ ചോദിച്ചു:- പാദനമസ്കാരം സ്വാമി! കുറച്ച് മിനിറ്റുകൾക്ക് മുമ്പ്, ആരെങ്കിലും നമ്മളെ വഞ്ചിക്കുമ്പോൾ പ്രതികാര മനോഭാവത്തെക്കുറിച്ച് അങ്ങ് ഉത്തരം നൽകി. ആരെങ്കിലും എന്നെ വഞ്ചിച്ച് കുറച്ച് പണം അപഹരിച്ചുവെന്ന് കരുതുക, ഞാൻ ഒരു പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അതും പ്രതികാര മനോഭാവമാണോ?]
സ്വാമി മറുപടി പറഞ്ഞു:- പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത് പ്രതികാര മനോഭാവമായി കണക്കാക്കില്ല, കാരണം ഇത് തിരിച്ചടിയാണോ പുതിയ കേസാണോ എന്ന് നിങ്ങൾക്കറിയില്ല. അനീതി ചെയ്യുന്ന വ്യക്തി നിങ്ങളെക്കാൾ ശക്തനായതിനാൽ അനീതിക്കെതിരെ നടപടിയെടുക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, നിങ്ങൾ അത് ദൈവത്തിന് വിട്ടുകൊടുക്കണം. ഞാൻ ദ്രൌപദിയുടെ കാര്യം എടുത്തപ്പോൾ ആ സാഹചര്യം തികച്ചും വ്യത്യസ്തമായിരുന്നു. ദുര്യോധനൻ തന്നെ രാജാവായതിനാൽ അവൾക്ക് കോടതിയിൽ കേസ് കൊടുത്ത് പോരാടാൻ കഴിയില്ല. ദുര്യോധനൻ വളരെ ശക്തനാണ്, അവൾ പോരാടാൻ കഴിയാത്ത ഒരു സ്ത്രീയാണ്. അത്തരം സാഹചര്യങ്ങളിൽ, പ്രതികാര മനോഭാവം കാണിക്കാതെ അത് ദൈവത്തിന് വിടണമെന്ന് ഞാൻ പറഞ്ഞു. നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ, നിങ്ങൾ അത് ചെയ്യണം. ചിലപ്പോൾ, ആ എതിരാളി വളരെ വലിയ ഒരു റൗഡി ആയിരിക്കാം, നിങ്ങൾ പോലീസ് സ്റ്റേഷനിലോ കോടതിയിലോ പോയാൽ അവൻ നിങ്ങളെ യഥാർത്ഥത്തിൽ കൊന്നേക്കാം. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അതിനാൽ, അത് ദൈവത്തിന് വിടുക.
9. നമ്മോട് അനീതി കാണിക്കുമ്പോൾ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യാം?
[മിസ്സ്. ആരതി സതവേക്കർ ചോദിച്ചു:- സ്വാമി, ആ വ്യക്തി എന്നോട് അന്യായമായ ചില കാര്യങ്ങൾ ചെയ്തതിൽ ഞങ്ങൾക്ക് വേദനയുണ്ട്. ആ വേദനകൾ മാത്രമേ ഞങ്ങൾ അനുഭവിക്കുന്നുള്ളൂ, വഞ്ചനയോ അനീതിയോ ചെയ്ത ആ വ്യക്തിയല്ല. ആ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യാം?]
സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾക്ക് പോരാടാൻ കഴിയുമെങ്കിൽ നിങ്ങൾ പോരാടുക. നിങ്ങളെ ആരെങ്കിലും വഞ്ചിക്കുകയാണെങ്കിൽ, നിങ്ങൾക്ക് യുദ്ധം ചെയ്യാൻ വ്യവസ്ഥയുണ്ടെങ്കിൽ, നിങ്ങൾ യുദ്ധം ചെയ്യുക, അതിൽ തെറ്റൊന്നുമില്ല. ആ എതിരാളി വളരെ ശക്തനായതിനാൽ യുദ്ധം ചെയ്യാൻ വ്യവസ്ഥയില്ല എന്ന് കരുതുക. നിങ്ങൾ പോരാടിയാൽ നിങ്ങളെ കൊല്ലുമെന്ന് അവൻ ഭീഷണിപ്പെടുത്തിയേക്കാം, അന്വേഷണത്തിൽ, അയാൾക്ക് അതിന് കഴിവുണ്ടെന്ന് നിങ്ങൾ കണ്ടെത്തി. അത്തരം സാഹചര്യങ്ങളിൽ നമുക്ക് യുദ്ധം ചെയ്യാൻ കഴിയില്ല. ഒരു പ്രതികാര മനോഭാവവുമില്ലാതെ നാം ദൈവത്തിന് കീഴടങ്ങുകയും അത് ദൈവത്തിൻ്റെ കൈകളിൽ ഏൽപ്പിക്കുകയും വേണം. പക്ഷേ, നിങ്ങൾക്ക് യുദ്ധം ചെയ്യാൻ കഴിയുകയും കുരുക്ഷേത്രയുദ്ധത്തിൽ അർജ്ജുനനെപ്പോലെ പോരാടുകയും ചെയ്യുന്നില്ലെങ്കിൽ, പോരാടാൻ ദൈവം നിങ്ങളെ ശുപാർശ ചെയ്യുന്നു. അർജ്ജുനൻ ഒരു യോദ്ധാവ്, യുദ്ധം ചെയ്യാൻ കഴിവുള്ളവനായിരുന്നു. യുദ്ധം ചെയ്യാൻ അവനോടൊപ്പം ഒരു സൈന്യവും ഉണ്ട്. ഭഗവാൻ കൃഷ്ണൻ അർജ്ജുനനോട് എല്ലാം ദൈവത്തിന്റെകയ്യിൽ ഏൽപ്പിച്ച് മിണ്ടാതിരിക്കാൻ പറഞ്ഞില്ല. തൻ്റെ എല്ലാ പ്രയത്നങ്ങളോടും കൂടി യുദ്ധം ചെയ്യാനും ഫലം അവനു വിട്ടുകൊടുക്കാനും ഭഗവാൻ കൃഷ്ണൻ അവനെ പ്രോത്സാഹിപ്പിച്ചു. അനീതിക്കെതിരെ പോരാടാൻ നിങ്ങൾക്ക് വ്യവസ്ഥയുണ്ടെങ്കിൽ (പ്രൊവിഷൻ), നിങ്ങൾ ഒഴിഞ്ഞു പോരാടണം. ഒരു ഉപാധിയും (പ്രൊവിഷൻ) ഇല്ലെങ്കിൽ, അത് ദൈവത്തിന് വിട്ടുകൊടുക്കുക.
10. അടുത്ത ആളുകൾ നമ്മെ വഞ്ചിച്ചാൽ എന്തുചെയ്യും?
[പാദനമസ്കാരം സ്വാമി! മേൽപ്പറഞ്ഞ ചോദ്യത്തിൻ്റെ തുടർച്ചയായി, നമുക്ക് പോരാടാൻ കഴിയാത്ത അടുത്ത ബന്ധമാണ് പ്രശ്‌നം എങ്കിലോ? നമ്മുടെ അടുത്ത ആളുകൾ നമ്മളെ ചതിച്ചാലോ?]
സ്വാമി മറുപടി പറഞ്ഞു:- അടുത്ത ബന്ധങ്ങൾ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ആ വ്യക്തി നിങ്ങളെ വഞ്ചിക്കുമ്പോൾ, അവനുമായി നിങ്ങൾക്ക് എന്ത് തരത്തിലുള്ള ബന്ധമായിരിക്കും ഉണ്ടാകുക? നിങ്ങളുടെ എല്ലാ ബന്ധങ്ങളും ഒറ്റയടിക്ക് വിച്ഛേദിക്കണം. അവൻ നിങ്ങളെ വഞ്ചിക്കുമ്പോൾ, നിങ്ങൾ വീണ്ടും ബന്ധം നിലനിർത്തുകയാണെങ്കിൽ, അവൻ നിങ്ങളെ വീണ്ടും ചതിക്കും. നിങ്ങൾ അരി പാകം ചെയ്യുമ്പോൾ, നിങ്ങൾ ഒരു ധാന്യം എടുത്ത് അമർത്തി അത് പൂർണ്ണമായും പാകം ആയിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്നു. ഒരു ധാന്യം മുഴുവൻ പാത്രത്തെയും പ്രതിനിധീകരിക്കുന്നു. അതുപോലെ, ആ വ്യക്തിയുടെ ബാക്കി ജീവിതം എങ്ങനെ സംഭവിക്കുന്നുവെന്ന് വിലയിരുത്താൻ ഒരു ഉദാഹരണം മതിയാകും.
11. നാം ദൈവത്തെ എങ്ങനെ സമീപിക്കണം?
[ശ്രീ രമാകാന്ത് ചോദിച്ചു:- പാദനമസ്കാരം സ്വാമി! മോക്ഷം ആഗ്രഹിക്കുന്നത് അഭിലാഷത്തിൻ്റെ ഒരു പ്രവൃത്തിയാണ്, അത് ലൗകിക അഭിലാഷമല്ലെങ്കിലും. ദൈവം അവസാന ഫലം ആയിരിക്കുന്നിടത്തോളം, നാം അവനിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ, നാം എങ്ങനെ ദൈവത്തെ സമീപിക്കണം, സ്വാമി?]
സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ മോക്ഷത്തെക്കുറിച്ചും ദൈവത്തിൽ എത്തിച്ചേരുന്നതിനെക്കുറിച്ചും സംസാരിക്കുന്നു. അല്ലേ? ദൈവത്തോടുള്ള അടുപ്പവും (അറ്റാച്ച്മെന്റ്) ലോകത്തിൽ നിന്നുള്ള അകൽച്ചയും (ഡിറ്റാച്മെന്റ്) വളരെ ബന്ധപ്പെട്ടിരിക്കുന്നു. മോക്ഷം (മുക്തി) എന്നാൽ ലൗകിക ബന്ധനങ്ങളിൽ നിന്നുള്ള വേർപിരിയൽ മാത്രമാണ്. നിങ്ങൾ ദൈവത്തോട് ചേർന്നില്ലെങ്കിൽ, നിങ്ങൾക്ക് ലോകത്തിൽ നിന്ന് സ്വയം മോചിപ്പിക്കാൻ കഴിയില്ല. നിങ്ങൾക്ക് ഒരു കാര്യത്തിൽ നിന്ന് വേർപിരിയാൻ ആഗ്രഹമുണ്ടെങ്കിൽ, നിങ്ങൾ ആദ്യം മറ്റൊരു കാര്യവുമായി സ്വയം അറ്റാച്ചുചെയ്യണം. അപ്പോൾ മാത്രമേ ഡിറ്റാച്ച്‌മെൻ്റ് സ്വയമേവയുള്ളതായിരിക്കുകയോള്ളൂ. നിങ്ങൾ ഒരു സിനിമാ ഹാളിൽ ഇരുന്നു സിനിമ കാണുന്നുവെന്ന് കരുതുക. നിങ്ങൾ സിനിമയിൽ വളരെയധികം ലയിച്ചിരിക്കുന്നു, സിനിമാ കഥയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. അപ്പോൾ, കൊതുകുകൾ നിങ്ങളെ കടിക്കുന്നു, സീറ്റിലെ മൂട്ടകളും നിങ്ങളെ കടിക്കുന്നു. നിങ്ങൾ ആ സിനിമയിൽ മുഴുകിയാൽ കൊതുകുകളിൽ നിന്നും മൂട്ടകളിൽ നിന്നും സ്വയം മോചിതരാകാൻ നിങ്ങൾ പരിശ്രമിക്കേണ്ടതില്ല. ഈ കടികൾ നിങ്ങൾക്ക് പ്രശ്നമാകില്ല, നിങ്ങൾ സ്വയമേവ മോചിതരാകും. അതുപോലെ, ദൈവത്തോടുള്ള അടുപ്പം ലോകത്തിൽ നിന്നുള്ള നിങ്ങളുടെ അകൽച്ചയ്ക്ക് കാരണമായിരിക്കണം. ദൈവത്തോടുള്ള ആസക്തി കൂടാതെ, നിങ്ങൾ ലോകത്തിൽ നിന്ന് സ്വയം മോചിപ്പിക്കുകയാണെങ്കിൽ, അത് ഏറ്റവും വലിയ വിഡ്ഢിത്തമാണ്. ഞാൻ ദിവ്യമായ അമൃത് കുടിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുവെങ്കിൽ, യാന്ത്രികമായി ഞാൻ കാപ്പി കുടിക്കില്ല. അമൃതിന്റെ രുചിക്ക് മുമ്പ് ഈ കാപ്പി ഒന്നുമല്ല. അമൃതം രുചിച്ചതിന് ശേഷം എനിക്ക് ഇഷ്ടപ്പെടാത്തതിനാൽ ഞാൻ അത് കുടിക്കുന്നില്ല. നിങ്ങൾ ദിവ്യമായ അമൃത് കുടിക്കുകയോ കാപ്പി കുടിക്കുകയോ ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾ ഒരു വിഡ്ഢിയാണ്. ദിവ്യമായ അമൃത് ലഭ്യമല്ലെങ്കിൽ, കുറഞ്ഞത് നിങ്ങൾ കാപ്പികുടിച്ചെങ്കിലും ആസ്വദിക്കണം.
ആ കുടിക്കുന്ന ശീലം ഈ നാവിനുണ്ട് എന്നതിനാൽ നമുക്ക് എന്തെങ്കിലും കുടിക്കണം. നമ്മുടെ മനസ്സ് എന്തിനോടെങ്കിലും അറ്റാച്ചുചെയ്യപ്പെടണം, അതിന് അറ്റാച്ച് ചെയ്യപ്പെടാതെ ഇരിക്കാൻ കഴിയില്ല. അതാണ് മനസ്സിൻ്റെ സ്വഭാവം. ഇപ്പോൾ, നിങ്ങൾ സ്വയം ദൈവത്തോട് ചേർന്ന് നിൽക്കുന്നില്ലെങ്കിൽ, ലോകത്തോടും ചേർന്ന് നിൽക്കുന്നില്ലെങ്കിൽ, നിങ്ങളുടെ മനസ്സ് നിശബ്ദമാകുമോ? രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ, നിങ്ങൾക്ക് ലോകവുമായി ഇരട്ട അറ്റാച്ച്മെൻ്റ് ഉണ്ടാകും. ദിവ്യമായ അമൃതിൻ്റെ രുചി ലഭിക്കാൻ കാപ്പി കുടിക്കുന്നത് നിർത്തേണ്ടത് ഒരു മുൻവ്യവസ്ഥയല്ലെന്ന് നിങ്ങൾ മനസ്സിലാക്കണം. നിങ്ങൾ ദിവ്യമായ അമൃത് കുടിച്ചാൽ, ആ രുചിയാൽ, നിങ്ങൾ സ്വയം കാപ്പി കുടിക്കുന്നത് ഉപേക്ഷിക്കുന്നു. ദിവ്യമായ അമൃത് കുടിക്കാതെ, കാപ്പി വിട്ടാൽ 2-3 ദിവസം മാത്രമേ നിങ്ങൾക്ക് ആ നിലയിൽ നിൽക്കാൻ കഴിയൂ. പക്ഷേ, നാലാം ദിവസം നിങ്ങൾ ഒരു ബക്കറ്റ് കാപ്പി കുടിക്കും. അതിനാൽ, ദൈവത്തോടുള്ള ആസക്തി കൂടാതെ ലോകത്തിൽ നിന്ന് വേർപിരിയുന്നത് അസാധ്യവും ഉപയോഗശൂന്യവുമാണ്. ദൈവത്തോടുള്ള ശക്തമായ ആസക്തി മൂലം ലൗകിക ബന്ധനങ്ങളിൽ നിന്നുള്ള വേർപിരിയലാണ് മോക്ഷം അഥവാ ലിബറേഷൻ എന്ന് നിർവചിച്ചിരിക്കുന്നത്. ചിലർ ധ്യാനത്തിനായി വീടുവിട്ടിറങ്ങി കാട്ടിൽ പോകുന്നു. അവരുടെ മനസ്സ് ദൈവത്തോട് ചേർന്നിട്ടില്ലാത്തതിനാൽ, അവർ ലൗകിക കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. കുറച്ച് സമയത്തിന് ശേഷം, ലോകത്തോട് ഇരട്ട അറ്റാച്ച്‌മെൻ്റുമായി അവർ വീട്ടിലേക്ക് മടങ്ങുന്നു. അതിനാൽ, നിങ്ങൾ എല്ലാ പ്രയത്നങ്ങളും ദൈവത്തോട് മാത്രം അറ്റാച്ച് ചെയ്യേണ്ടത് വളരെ പ്രധാനമാണ്, കൂടാതെ ഒരു സ്വാഭാവിക പ്രതിഭാസം പോലെ സ്വതസിദ്ധമായ ഒരു ഉപോൽപ്പന്നമായി യാന്ത്രികമായി സംഭവിക്കുന്ന ലൗകിക ബന്ധനങ്ങളിൽ നിന്ന് മോചനം നേടാൻ ശ്രമിക്കരുത്.
അതിനാൽ, നിങ്ങളുടെ എല്ലാ ശ്രമങ്ങളും ദൈവത്തോട് മാത്രം അറ്റാച്ച് ചെയ്യേണ്ടതിന് മാത്രം ആകണം എന്നുള്ളത് വളരെ പ്രധാനമാണ്, കൂടാതെ ലൌകിക ബന്ധനങ്ങളിൽ നിന്ന് മോചനം നേടാൻ പരിശ്രമിക്കരുത്, ഇത് സ്വാഭാവിക പ്രതിഭാസം പോലെ സ്വയമേവ ഒരു ഉപോൽപ്പന്നമായി സംഭവിക്കുന്നു.
12. ആചാരങ്ങളിൽ ഭക്ഷണം കത്തിക്കുകയോ എറിയുകയോ ചെയ്യുന്നതിന്റെ പ്രാധാന്യം ദയവായി വ്യക്തമാക്കുക.
[ശ്രീ ഗണേഷ് ചോദിച്ചു:- പാദനമസ്കാരം സ്വാമിജി! ആചാരങ്ങളിൽ ഭക്ഷണം കത്തിക്കുന്നതിനെക്കുറിച്ച് എനിക്ക് ഒരു ചോദ്യമുണ്ട്. ഞാൻ വിശദീകരിക്കാൻ ആഗ്രഹിക്കുന്ന മൂന്ന് ആചാരങ്ങൾ ഞാൻ നേരിട്ട് കണ്ടു, സ്വാമിജി. ഒന്ന്, അവർ ഒരു മൺകലത്തിൽ കുറച്ച് പച്ച അരി ഇടുകയും അതിൽ കുറച്ച് ചാണകവും ചേർക്കുകയും ചെയ്യുന്ന മരണ ചടങ്ങിലാണ്. അവർ ആ പാത്രത്തോടൊപ്പം മൃതദേഹം എടുത്ത് മൃതദേഹം ദഹിപ്പിക്കുന്നു. രണ്ടാമത്തേത് തർപ്പണം, പ്രത്യേകിച്ച് പിതൃ തർപ്പണം, അവിടെ അവർ കറുത്ത എള്ള് പച്ച അരിയുമായി കലർത്തി വെള്ളത്തിൽ ഇടും. തർപ്പണം ചെയ്യുമ്പോൾ, നെല്ലും വിത്തും തിരികെ വളരാൻ പറ്റാത്ത സ്ഥലത്ത് എറിയണം, ഈ നിർദ്ദേശം എൻ്റെ വീട്ടിലെ മുതിർന്നവർ നൽകിയിട്ടുണ്ട്. മൂന്നാമത്തേത് സമിത ദാനത്തിനുള്ള ഹവനമാണ്. ഉപനയനം പൂർത്തിയാക്കിയ ബ്രഹ്മചാരികളോട് എല്ലാ സന്ധ്യാവന്ദനത്തിനു ശേഷവും സമിതദാനം ചെയ്യാൻ നിർദ്ദേശിക്കുന്നു. സ്വാമിജി, ഈ മൂന്ന് ആചാരങ്ങളുടെയും പ്രാധാന്യം വ്യക്തമാക്കാമോ.]
സ്വാമി മറുപടി പറഞ്ഞു:- ധർമ്മശാസ്ത്രത്തിൽ (ശൃതി സ്മൃത്യോഃ വിരോധേ തു, ശൃതി രേവ ഗരിയസീ) ഒരു ശ്ലോകമുണ്ട്, അത് സ്മൃതിയും (ദ്വിതീയ ഗ്രന്ഥങ്ങളോ പുരാണങ്ങളോ) ശ്രുതിയും (വേദം) തമ്മിൽ വൈരുദ്ധ്യമുണ്ടാകുമ്പോൾ നിങ്ങൾ ശ്രുതിയെ (വേദം) മാത്രമേ അധികാരമായി എടുക്കാവൂ, സ്മൃതിയെയല്ല എന്ന് പറയുന്നു. നിർദ്ദേശിക്കപ്പെട്ട ഈ പാരമ്പര്യങ്ങൾക്ക് ശ്രുതിയിൽ നിന്നും സ്മൃതിയിൽ നിന്നും ഒരു അധികാരവുമില്ല. നമ്മുടെ പൂർവ്വികർ ഇതുപോലെ മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ് അവർ പറയുന്നത് (പൂര്വഈഃ പൂര്വതരൈഃ കൃതമ്….. ഗീത). അവരുടെ ശക്തി അവരുടെ പൂർവ്വികർ അനുഷ്ഠിച്ച പാരമ്പര്യം മാത്രമാണ്. മൂന്ന് തരത്തിലുള്ള അധികാരികൾ ഉണ്ട്. i) വേദം, ii) ധർമ്മ ശാസ്ത്രം, iii) ആചാരം. മൂന്ന് അധികാരികളിൽ ഏറ്റവും കുറഞ്ഞ ശക്തിയാണ് ഈ ആചാര അധികാരത്തിനുള്ളത്. ശ്രുതി സ്മൃതിയേക്കാൾ വലുതാണ്, സ്മൃതി ആചരത്തേക്കാൾ വലുതാണ്. ഒരു കാരണവശാലും ഭക്ഷണം പാഴാക്കരുതെന്ന് മൂന്ന് അധികാരികളിൽ ശ്രേഷ്ഠയായ ശ്രുതി പറയുന്നു (അന്നന പരിചക്ഷീത, തദ് വ്രതം - വേദം).
ഇത് ഒരു വ്രതം ആണ്, അതിനർത്ഥം ഇത് വളരെ കഠിനവും കർശനമായ നിയമമാണ് (ഗൌരവമായ നിയമം). ധർമ്മശാസ്ത്രം പോലുള്ള സ്മൃതികളിൽ നിന്ന് (ദ്വിതീയ ഗ്രന്ഥങ്ങൾ) എന്തെങ്കിലും അധികാരം കൊണ്ടുവന്നാലും, അത് ശ്രുതിക്ക് (വേദം) വിരുദ്ധമായതിനാൽ അത് നിലനിൽക്കില്ല. ഇപ്പോൾ, നിങ്ങൾ ആചാരത്തിൽ (പാരമ്പര്യം) നിന്ന് അധികാരം കൊണ്ടുവരികയാണ്, അത് നമ്മുടെ പൂർവ്വികരും പിതാക്കന്മാരും അങ്ങനെ ചെയ്തുവെന്നും അതിനാൽ ഞങ്ങൾ അത് പിന്തുടരുമെന്നും പറയുന്നു. ഇതിന് ഏറ്റവും കുറഞ്ഞതും ദുർബലവുമായ അധികാരമാണുള്ളത്.
പ്രഹ്ലാദൻ ജനിച്ചത് അസുരന്മാരുടെ കുടുംബത്തിലാണ്, അവരുടെ ആചാരം (പാരമ്പര്യം) ഭഗവാൻ വിഷ്ണുവിനെ അധിക്ഷേപിക്കുകയും ഭഗവാൻ ശിവനെ മാത്രം ആരാധിക്കുകയും ചെയ്യുക എന്നതായിരുന്നു. പക്ഷേ, പ്രഹ്ലാദൻ ആ ആചാരത്തെ പിന്തുടർന്നില്ല, കാരണം മുൻകാലങ്ങളിൽ ആരെങ്കിലും ഒരു തെറ്റ് ചെയ്തിരിക്കാം, ആ തെറ്റ് നിരവധി തലമുറകൾ മുന്നോട്ട് കൊണ്ടുപോകാം. അതിനാൽ, നിങ്ങളുടെ മൂന്ന് ഉദാഹരണങ്ങളും ശ്രുതിക്ക് വിരുദ്ധമാണ്, അതിനാൽ തള്ളിക്കളയുന്നു. ഭക്ഷണം നശിപ്പിക്കരുതെന്ന് ശ്രുതി അല്ലെങ്കിൽ വേദം പറയുന്നു (അന്നന പരിചക്ഷീത, തദ് വ്രതം). ഇവിടെ, 'പരി' എന്ന വാക്കിൻ്റെ അർത്ഥം പൂർണ്ണമായും, ‘ചക്ഷീത’എന്നാൽ നശിച്ചു എന്നാണ്. ഭക്ഷണത്തിൻ്റെ ഒരു അംശം പോലും നമ്മൾ നശിപ്പിക്കരുത്. നിങ്ങൾ എല്ലാ ദിവസവും ഭക്ഷണം കഴിക്കുമ്പോൾ പോലും, നിങ്ങൾ കഴിച്ച പ്ലേറ്റ് ഭക്ഷണം വിളമ്പുന്നതിന് മുമ്പുള്ളതുപോലെ വൃത്തിയുള്ളതായിരിക്കണം. ഭക്ഷണം വിളമ്പുന്നതിന് മുമ്പ്, പ്ലേറ്റ് ഇതിനകം വൃത്തിയാക്കിയിട്ടുണ്ട്. അതുപോലെ, ഭക്ഷണം കഴിച്ചതിനു ശേഷവും പ്ലേറ്റ് വൃത്തിയുള്ളതായിരിക്കണം. ഇതാണ് വേദ പ്രസ്താവനയുടെ അർത്ഥം, ധർമ്മ ശാസ്ത്രങ്ങളോ സ്മൃതികളോ ആചാരങ്ങളോ കൊണ്ട് പോലും വേദത്തെ എതിർക്കാൻ കഴിയില്ല. അതിനാൽ, നിങ്ങൾ പരാമർശിച്ച എല്ലാ പാരമ്പര്യങ്ങളും ഭക്ഷണം പാഴാക്കുന്നു, ഒരു കാരണവശാലും അത് അനുഷ്ഠിക്കാൻ പാടില്ല. വാർഷിക ചടങ്ങുകളിൽ ഭക്ഷണം കഴിച്ചതിന് ശേഷം, കുറച്ച് ഭക്ഷണം പ്ലേറ്റിൽ അവശേഷിക്കണമെന്ന് പുരോഹിതന്മാർ പറയുന്നു, ഇത് അവർ വയറുനിറയെ കഴിച്ചുവെന്ന് സൂചിപ്പിക്കുന്നു, അവർക്ക് അധികാരം പാരമ്പര്യം മാത്രമാണ്, അത് ശ്രുതിയെ (വേദം) എതിർക്കുന്നതിനാൽ അത് നിരസിക്കേണ്ടതാണ്. പക്ഷേ, നിങ്ങളുടെ വിവാഹം കഴിയുന്നത് വരെയെങ്കിലും നിങ്ങൾ മാതാപിതാക്കളോടും ബന്ധുക്കളോടും വഴക്കിടരുതെന്ന് ഞാൻ നിങ്ങളോട് ഉപദേശിക്കുന്നു. അല്ലെങ്കിൽ, നിങ്ങൾ പ്രശ്നങ്ങളിൽ അകപ്പെടും.
തുടരും...
★ ★ ★ ★ ★